ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ യാത്ര ദുഷ്കരം; റോഡിന്റെ നവീകരണ പണി മുടങ്ങി
കോടഞ്ചേരി: ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ വിനിയോഗിച്ച് 10 കിലോമീറ്റർ റോഡ് ടാറിങ് ആരംഭിച്ചുവെങ്കിലും, ശക്തമായ മഴയെ തുടർന്ന് പണി നിർത്തിവെച്ചിരിക്കുകയാണ്. ടാറിങ് പൂർത്തിയായ ഭാഗങ്ങളും സോളിങ് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച റോഡും മഴയിൽ തകർന്നു.
മഴ മൂലം റോഡിന്റെ പല ഭാഗങ്ങളിലും കുണ്ടും കുഴികളും രൂപപ്പെട്ടതോടെ യാത്ര അപകടകരമായി. ചെളി നിറഞ്ഞ കുഴികളിൽ ഇരുചക്ര വാഹനങ്ങളും ചെറു വാഹനങ്ങളും കുടുങ്ങുകയും അപകടങ്ങൾ വർധിക്കുകയും ചെയ്തിരിക്കുന്നു. മഴ കുറഞ്ഞപ്പോൾ പൊടി കനത്തതോടെ യാത്രക്കാർക്കും താമസക്കാർക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
ഡ്രെയിനേജ് സൗകര്യം ഇല്ലാത്തതിനാൽ മഴയിൽ വെള്ളം റോഡിൽ നിന്ന് ഒഴുകിപ്പോകാതെ തടിഞ്ഞ് റോഡ് തോടുപോലെ മാറുന്നെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പൂളവള്ളി കയറ്റം മുതൽ കോടഞ്ചേരി ടൗൺ വരെയുള്ള തിരക്കേറിയ ഈ റോഡ് സംസ്ഥാന പാതയുടെ ഭാഗമാണ്. ബസ് അടക്കമുള്ള വാഹനങ്ങൾക്ക് ഗതാഗതം ബുദ്ധിമുട്ടായി.
റോഡിലെ കുഴികൾ അടയ്ക്കുന്നതിനും നിർമ്മാണം പുനരാരംഭിക്കുന്നതിനും അടിയന്തര നടപടി വേണമെന്നു പ്രദേശവാസികൾ ആവശ്യമുന്നയിക്കുന്നു.