Kodiyathur

കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം:സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി

കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി നിർമ്മാണത്തിനിടയിൽ തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊടിയത്തൂർ കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ട മുഴി പാലം അപകട ഭീഷണിയിൽ ആയിട്ട് വർഷങ്ങളോളമായി. ജനങ്ങളുടെ ഭീതിയകറ്റി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് മുൻകൈയെടുത്തു. നാലു കോടിയിലേറെ രൂപ വകയിരുത്തി പാലം പുതുതായി നിർമ്മിക്കാനും വെള്ളപ്പൊക്ക ഭീഷണിയെ അതിജീവിക്കാൻ ഉയർത്തിക്കെട്ടി അപ്പ്രോച്ച് റോഡ് നിർമിക്കാനും ഫണ്ട് വകയിരുത്തിയതോടെ ഇരു ഗ്രാമ പഞ്ചായത്തിലെയും ജനങ്ങളുടെ അഭിലാഷമാണ് പൂർത്തിയാവുന്നത്.

നിർമ്മാണത്തിലെ ചില സാങ്കേതിക തകരാർ മൂലം അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകർന്നിരുന്നു. ഈ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പുമായി യുഡിഎഫ് ജമാഅത്ത് കൂട്ടുകെട്ട് കള്ള പ്രചരണങ്ങൾ അഴിച്ചുവിടുകയും നിർമ്മാണ പ്രവർത്തി തടയുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ ഒറ്റക്കെട്ടായി റോഡ് പണിക്ക് സംരക്ഷണം നൽകുകയാണുണ്ടായത്.

റോഡിന്റെ സംരക്ഷണഭിത്തി തകർന്ന ഭാഗം കഴിഞ്ഞ ദിവസം എം.എൽ.എ സന്ദർശിച്ചിരുന്നു. അപ്പ്രോച്ച് റോഡിന്റെ പണി യാതൊരു കാരണവശാലും നിർത്തി വെക്കരുതെന്നും തകർന്ന ഭാഗം മണ്ണ് പരിശോധന നടത്തി കാരണം കണ്ടെത്തി എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്നും ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകിയിരുന്നു.തുടർന്നാണ് പണി ആരംഭിച്ചത്.

ഇന്നലെ രാവിലെ യുഡിഎഫുകാരും ജമാഅത്തും പണി തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് കക്കാട് കൊടിയത്തൂർ നിവാസികളുടെ സംരക്ഷണയിലാണ് ഇന്ന് രാവിലെ എട്ടുമണിക്ക് പണി ആരംഭിച്ചത്. തുടർന്ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം രാവിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി സംസാരിച്ചു പണി നിർത്തിവെക്കേണ്ടതില്ലെന്നും, മണ്ണ് പരിശോധന നടത്തി തുടർനടപടികൾ ഉണ്ടാവുമെന്നും നാട്ടുകാർക്ക് ഉറപ്പു നൽകി.

സിപിഐഎം ഏരിയ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.ടി.സി അബ്ദുള്ള, സിപിഐഎം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, എൽഡിഎഫ് കൺവീനർ കരീം കൊടിയത്തൂർ, നാസർ കൊളായി, അരുൺ ഇ, അനസ് താളത്തിൽ, ഷംസുദ്ദീൻ കുന്നത്ത് എന്നിവർ നാട്ടുകാരോടൊപ്പം ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

Related Articles

Leave a Reply

Back to top button