മലയോര മേഖലയിൽ വ്ളാത്താങ്കര ചീര കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച് ഷാജി കടമ്പനാട്ട്
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കൂടരഞ്ഞിയിൽ കർഷകൻ ഷാജി കടമ്പനാട്ട് തന്റെ പറമ്പിൽ വ്ളാത്താങ്കര ചീര കൃഷി നടത്തിക്കൊണ്ട് കാർഷിക മേഖലയിലൊരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മലയോര മേഖലയിൽ ആദ്യമായി വ്യവസായിക അടിസ്ഥാനത്തിൽ വ്ളാത്താങ്കര ചീര കൃഷി നടത്തിയത് ശ്രദ്ധേയമായിരിക്കുകയാണ്.
വലിയ തോതിൽ വിളവെടുപ്പ് നടത്താൻ കഴിഞ്ഞതാണ് ഈ കൃഷിയുടെ പ്രത്യേകത. വേനൽക്കാലത്ത് ദിവസേന നനയ്ക്കണം എന്നത് കൃഷിയുടെ പ്രധാന ബാധ്യതയായിരുന്നുവെങ്കിലും 28 ദിവസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാമെന്ന പ്രത്യേകത കർഷകരെ ആകർഷിക്കുന്നു. താഴ്വാരങ്ങളിൽ നേരിട്ട് വിത്തുപാകിയോ പാകമായ തൈകൾ പറിച്ചുനട്ടോ വ്ളാത്താങ്കര ചീര കൃഷി നടത്താൻ സാധിക്കും.
മറ്റു ചീരകൾക്കു നേരിടുന്ന ഇലപ്പുള്ളി രോഗത്തെ അതിജീവിക്കാനുള്ള കഴിവ് വ്ളാത്താങ്കര ചീരയ്ക്കുള്ളത് കൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കുമെന്നുറപ്പ്.
കൃഷിയുടെ ആദ്യ വിളവെടുപ്പ് ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. കർഷകരായ ബിജു പുളികക്കണ്ടത്തിൽ, ഷബീർ അഹമ്മദ് എന്നിവരും മറ്റു ഗ്രാമത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വ്യവസായിക കൃഷിയുടെ പുതിയ സാധ്യതകൾ തുറന്നുകാട്ടുന്നതോടെ, മലയോര മേഖലയിലെ,കൂടുതൽ കർഷകർ ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷ.