Karassery

കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ

കാരശ്ശേരി : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പഞ്ചായത്തിലുടനീളം നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ കൈകോർത്തു. ഇവരുടെ സഹകരണത്തോടെ ‘ഒരു വീട്ടിൽനിന്ന് ഒരു സന്നദ്ധ പ്രവർത്തകൻ’ എന്ന പദ്ധതി നടപ്പാക്കുകയാണ്. ഓരോ വീട്ടിൽ നിന്നും ഒരാൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകും. കഴിഞ്ഞദിവസം നടന്ന പരിശീലന ശില്പശാലയ്ക്ക് കോഴിക്കോട് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് ജില്ലാ ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി നേതൃത്വം നൽകി.

ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്കു കീഴിൽ 350-ലേറെ രോഗികളാണ് പാലിയേറ്റീവ് പരിചരണത്തിലുള്ളത്. പഞ്ചായത്തിലെ വാർഡുകൾ തോറും രൂപവത്കരിച്ച ക്ലസ്റ്ററിന് കീഴിൽ പ്രദേശത്തെ മുഴുവൻ വീടുകളെയും ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നൽകി. ആശ്വാസ് ചെയർമാൻ കെ.കെ. ആലിഹസൻ, കൺവീനർ നടുക്കണ്ടി അബൂബക്കർ, ട്രഷറർ റീനാ പ്രകാശ്, ക്ലസ്റ്റർ കോഡിനേറ്റർ ടി. അഹമ്മദ് സലീം, ജി. അബ്ദുൽ അക്ബർ, യു.പി. അബ്ദുൽ ഹമീദ്, എ.പി. മുരളീധരൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

തുടർന്നാണ് വീടുകളിൽ നിന്ന് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തി പാലിയേറ്റീവ് പരിചരണ പരിശീലനം ആരംഭിച്ചത്. കിടപ്പുരോഗികൾക്ക് മരുന്ന്, പരിചരണം, ഡോക്ടറുടെയും നഴ്സിന്റെയും വൊളന്റിയർമാരുടെയും സേവനം, ഹോം കെയർ, ആംബുലൻസ് സേവനം രോഗികളുടെ മാനസികോല്ലാസത്തിന് കലാപരിപാടികൾ തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് ആശ്വാസ് നിർവഹിക്കുന്നത്.

പ്രതിമാസം മൂന്നരലക്ഷത്തിലേറെ രൂപയാണ് പാലിയേറ്റീവ് സൊസൈറ്റിക്ക് ചെലവ് വരുന്നത്. പഞ്ചായത്തിലെ ജനങ്ങൾ നൽകുന്ന വലുതും ചെറുതുമായ സഹായങ്ങൾ കൊണ്ടാണ് ഇത് നിർവഹിക്കുന്നത്. ഓരോ ക്ലസ്റ്ററിലെയും കുടുംബങ്ങൾ മാസന്തോറും വരിസംഖ്യ രൂപത്തിൽ സഹായം നൽകുന്നുണ്ട്. പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ആസ്ഥാനം ഇല്ലാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ കാരശ്ശേരി സഹകരണ ബാങ്ക് ആണ് സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിക്കുവേണ്ടി നിർമിച്ച ഇരുനിലക്കെട്ടിടം ആശ്വാസിന് പ്രവർത്തിക്കാൻ നൽകിയത്. 20 സെന്റ് സ്ഥലത്ത് ഒന്നരക്കോടിയോളം ചെലവിൽ നിർമിച്ച കെട്ടിടം പൂർണമായും സൗജന്യമായാണ് നൽകിയത്.

Related Articles

Leave a Reply

Back to top button