കേരളോത്സവത്തിലെ താളപ്പിഴ; പ്രതിഷേധ ക്രിക്കറ്റുമായി ഡി.വൈ.എഫ്.ഐ

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരം അട്ടിമറിച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രതീകാത്മക ക്രിക്കറ്റ് മത്സരം. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടിനെതിരേ ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനവും ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചത്.
ക്രിക്കറ്റ് മത്സരം ആരെയും അറിയിക്കാതെ ഫോട്ടോഷൂട്ട് നടത്തി അവസാനിപ്പിച്ചതായാണ് ആരോപണം. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.കെ. രനിൽരാജ് പ്രതിഷേധ ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തു. അജയ് ഫ്രാൻസി, റിയാസ് മറിയപ്പുറം, പി.എം. ഫസൽ, അരുൺ ഉണ്ണി, പി.എം. മോബിൻ, സോനു ജോസഫ്, പി. ജെ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. കേരളോത്സവം വിപുലമായി സംഘടിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് മത്സരം ഞായറാഴ്ച രാവിലെ എട്ടുമുതൽ തിരുവമ്പാടി ബ്രസൂക്ക ടർഫിൽ നടക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്റ്റർചെയ്യാം.