ജനവാസമേഖലയിൽ ടയറുകൾ കത്തിച്ചു; തിരുവമ്പാടി എസ്റ്റേറ്റിന് കാൽലക്ഷം രൂപ പിഴ

തിരുവമ്പാടി : ജനവാസമേഖലയിൽ അന്തരീക്ഷമലിനീകരണം സൃഷ്ടിച്ച് വ്യാപകമായി ടയറുകൾ കത്തിക്കുന്നത് ആവർത്തിച്ചതിന് തിരുവമ്പാടി കിൽക്കോത്തഗിരി എസ്റ്റേറ്റിന് 25,000 രൂപ പിഴയിട്ടു. ഗ്രാമപ്പഞ്ചായത്തിലെ പാറപ്പുറം, വാപ്പാട്ട് തുടങ്ങിയ ജനവാസമേഖലയോടുചേർന്ന കൽപ്പൂര് ഭാഗത്ത് റബ്ബർഎസ്റ്റേറ്റിനുള്ളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതരത്തിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിനാണ് ഗ്രാമപ്പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിഴചുമത്തിയത്.
ടയറുകൾ അഗ്നിക്കിരയാക്കുമ്പോഴുള്ള ദുർഗന്ധവും കറുത്ത പുകയും അന്തരീക്ഷമലിനീകരണവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എസ്റ്റേറ്റ് അധികൃതർക്ക് മുൻപ് ആരോഗ്യവകുപ്പ് നിർദേശംനൽകിയിരുന്നു. ഇത് ലംഘിച്ചാണ് വീണ്ടും ടയർകത്തിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എസ്റ്റേറ്റിലെ റബ്ബർപ്പാൽ കയറ്റിയയക്കാൻ കൊണ്ടുവരുന്ന ഇരുമ്പുബാരലുകളിലെ ഓയിൽ അവശിഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കാതെയാണ് ബാരലുകൾ അട്ടിയിട്ട് അതിൽ ടയറുകൾ തൂക്കിയിട്ട് കത്തിക്കുന്നത്. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ നേരത്തേ രംഗത്തുവന്നിരുന്നു.
പരിശോധനയ്ക്ക് ഗ്രാമപ്പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് ടീമംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ഗ്രാമപ്പഞ്ചായത്ത് ക്ലാർക്ക് ഷർജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. മുഹമ്മദ് ഷമീർ, കെ. ഷാജു, കെ.ബി. ശ്രീജിത്ത്, മുഹമ്മദ് മുസ്തഫഖാൻ, ശരണ്യചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പാഴ്‌വസ്തുക്കൾ ഹരിതകർമസേനയ്ക്ക് നൽകാതെയും ശാസ്ത്രീയമായി സംസ്കരിക്കാതെയും വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരവും പഞ്ചായത്തീരാജ് ആക്ട് പ്രകാരവും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജുവും മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു.