Kozhikode

കോവിഡ് ടെസ്റ്റ് റേറ്റ് 1700 രൂപ പിന്നിട്ടു; ലാബുകൾ ഈടാക്കുന്നത് പല നിരക്ക്

കോഴിക്കോട്∙ കോവിഡ് പരിശോധനയ്ക്കു ജില്ലയിലെ വിവിധ ലാബുകൾ ഈടാക്കുന്നത് പല നിരക്ക്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നടത്തുന്ന പരിശോധനാ ഫലം ലഭിക്കാൻ മൂന്നും നാലും ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇതാണു പലരെയും അടിയന്തര ആവശ്യങ്ങൾക്കു സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇതു പല നിരക്കിലായതോടെ ആളുകളിൽ ആശയക്കുഴപ്പം ഏറുകയാണ്. 

നിരക്ക് 1300 രൂപ മുതൽ 

മലാപ്പറമ്പിലെ 2 സ്വകാര്യ ലാബുകളിലാണ് ആർടിപിസിആർ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ആദ്യം വിളിച്ചത്. ആദ്യ ലാബിലെ നിരക്ക് 1500 രൂപ. രണ്ടാം ലാബിലെ നിരക്ക് 1700 രൂപ. ജില്ലയുടെ പല ഭാഗങ്ങളിലും നിരക്ക് 1300 – 2000നും ഇടയിൽ.   1300 രൂപയ്ക്കു പരിശോധന നടത്തുന്നവർ പിപിഇ കിറ്റിനും മറ്റ് അനുബന്ധ സാമഗ്രികൾക്കുമായി 500 രൂപ അധികം വാങ്ങുന്നുണ്ട്.  അധിക തുക വാങ്ങാതെ 1300 രൂപയ്ക്കു പരിശോധന നടത്തിക്കൊടുക്കുന്നവരുമുണ്ട്.  

സ്രവം ശേഖരിച്ചു നൽകുന്ന ചെറിയ ലാബുകൾക്കും ആശുപത്രികൾക്കും 800–900 രൂപ നിരക്കിലാണ് അംഗീകൃത ലാബുകൾ ആർടിപിസിആർ പരിശോധന ചെയ്തു കൊടുക്കുന്നത്. സ്രവം ശേഖരിക്കുന്നതിനും ലാബിൽ എത്തിക്കുന്നതിനുമുള്ള ചെലവും ജീവനക്കാരുടെ പ്രതിഫലവും ചേരുമ്പോൾ നിരക്കു കൂടുമെന്നാണു ലാബ് ഉടമകളുടെ വിശദീകരണം. 300 രൂപയാക്കി നിജപ്പെടുത്തിയ ആന്റിജൻ പരിശോധനയ്ക്ക് പലയിടത്തും 400 രൂപ ഈടാക്കുന്നുണ്ട്. 

ആർടിപിസിആർ പരിശോധന നിരക്ക് നേരത്തെയുണ്ടായിരുന്ന 1500 രൂപയിൽ നിന്ന് 1700 രൂപയാക്കി ഉയർത്തുകയായിരുന്നു. ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു ഹൈക്കോടതി നിർദേശ പ്രകാരമാണു കൂട്ടിയതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സ്രവം ശേഖരിക്കാനുള്ള ചാർജുകളും അടക്കം എല്ലാ ചാർജുകളും ഉൾപ്പെടെ ആകെ ചെലവ്  1700 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു. ഇതു പലയിടത്തും പാലിക്കപ്പെടുന്നില്ല. 

Related Articles

Leave a Reply

Back to top button