പെരുമ്പൂള കൂരിയോട് പുലിഭീതി കർഷക കോൺഗ്രസ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പുലി സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും പിടികൂടുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഓഫീസ് ഉപരോധിച്ചു.
പുലിയെ പിടിക്കാൻ ശനിയാഴ്ച കൂട് സ്ഥാപിച്ചെങ്കിലും അതിനുള്ളിൽ ഇരയെ കെട്ടിയിരുന്നില്ല. മുകളിൽനിന്നും ഉത്തരവ് വരണമെന്ന ഉദ്യോഗസ്ഥന്റെ വിശദീകരണമാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സെക്‌ഷൻ ഓഫീസർ പി. സുബീറിനെയാണ് വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് മണിവരെ ഓഫീസിൽ ഉപരോധിച്ചത്. സമരം നീണ്ടതോടെ സെക്‌ഷൻ ഓഫീസർ മുതിർന്ന ഉദ്യോഗസ്ഥരെ വിവരംധരിപ്പിച്ചു. തുടർന്ന് ഉടൻതന്നെ ഇരയെ കെട്ടാമെന്ന ഓഫീസറുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
രാത്രിതന്നെ കൂട്ടിൽ നായയെ കെട്ടിയതായി താമരശ്ശേരി ആർ. ആർ. ടി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. ഷാജീവ് ‘മാതൃഭൂമി’യോട് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു, ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, വൈസ് പ്രസിഡന്റ് എ. എസ്. ജോസ്, സെക്രട്ടറി ജോർജ് വലിയകട്ടയിൽ, മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിൽ, ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, അഡ്വ. സിബു തോട്ടത്തിൽ, ജോസ് മഴുവഞ്ചേരി ഷിജോ വേലൂർ, ജിന്റോ പുഞ്ചത്തറപ്പിൽ, ജെയ്‌സൺ കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.