പുന്നക്കലിൽ ബോട്ടിൽ ബൂത്തിന് സ്ഥാനചലനം പ്രതിഷേധവുമായി നാട്ടുകാർ

തിരുവമ്പാടി : ശുചിത്വപ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ സ്ഥാപിച്ചിരുന്ന ബോട്ടിൽ ബൂത്ത് ആഴ്ചക്കൾക്കകം ബന്ധപ്പെട്ട അധികൃതർതന്നെ എടുത്തുകൊണ്ടുപോയതായി ആക്ഷേപം.
താഴെ അങ്ങാടിയിലെ ബോട്ടിൽ ബൂത്തിനാണ് സ്ഥാനചലനം. വ്യാപാരികളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിത്യേന ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്ന ബൂത്താണ് അപ്രത്യക്ഷമായത്. മോഷണംപോയതാണെന്നു കരുതി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയതായാണ് വിവരം. വഴിയരികിലും മറ്റും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനാണ് കവലകൾതോറും ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബർ 12-നാണ് പുന്നക്കൽ താഴെ അങ്ങാടിയിലെ ജങ്ഷനിൽ ഇത് സ്ഥാപിച്ചിരുന്നത്.
മൂന്നാഴ്ചമാത്രമേ ആയുസ്സുണ്ടായിരുന്നൂള്ളൂ. വാർഡംഗംപോലും അറിയാതെയാണ് ഇതെടുത്തുകൊണ്ടുപോയിരിക്കുന്നത്. ബോട്ടിൽ ബൂത്തിന് എന്തുപറ്റിയെന്നറിയില്ലെന്ന് വാർഡംഗം ഷൈനി ബെന്നി കൊച്ചുകൈപേൽ പറഞ്ഞു. കഴിഞ്ഞവർഷം ദേശീയ, സംസ്ഥാന ബഹുമതികൾ ലഭിച്ച ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ പുരസ്കാരത്തിനു മുന്നോടിയായുള്ള പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നതിനാലാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നും പുതുതായി ലഭ്യമാകുന്ന ബോട്ടിൽ ബൂത്ത് പുന്നക്കലിൽ സ്ഥാപിക്കാൻ പ്രഥമപരിഗണന നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പ്രതികരിച്ചു.
ഒരുവർഷംമുൻപ് മേലെ അങ്ങാടിയിലും താഴെ അങ്ങാടിയിലും സ്ഥാപിച്ചിരുന്ന ബോട്ടിൽ ബൂത്തുകൾ നേരത്തേ അപ്രത്യക്ഷമായതായും വാർഡിനോടുള്ള പഞ്ചായത്തധികൃതരുടെ അവഗണന പ്രതിഷേധാർഹമാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.