Mukkam

കാൽപ്പന്തുകളിയുടെ മാസ്മരിക മുഹൂർത്തങ്ങളുമായി ഉപജില്ലാ ഫുട്‌ബോൾ; കാരശ്ശേരി സ്‌കൂളിനും കക്കാട് ജി.എൽ.പി.എസിനും കിരീടം

മുക്കം: കുഞ്ഞു കാലുകളിൽ കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് കക്കാട് ജി.എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള ഉപജില്ലാ ഫുട്‌ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.
കുറിയ പാസുകളും മിന്നൽ നീക്കങ്ങളുമായി എതിർ പാളയങ്ങളിൽ വിള്ളൽ തീർത്ത് കളിയാസ്വാദകരിൽ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും പുത്തൻ അനുഭൂതികൾ സമ്മാനിച്ച ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കക്കാട് ജി.എൽ.പി സ്‌കൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കഴിഞ്ഞവർഷത്തെ റണ്ണേഴ്‌സ് അപ്പ് കൂടിയായ കാരശ്ശേരി എച്ച്.എൻ.സി.കെ യു.പി സ്‌കൂൾ കിരീടം ചൂടി.

നാളെയുടെ കൊച്ചു വാഗ്ദാനങ്ങളുടെ കളിനീക്കങ്ങൾക്ക് കൂടുതൽ നിറം പകരാനും ആവേശം പകരാനും കക്കാട് തൂക്കുപാലത്തോട് ചേർന്നുള്ള മംഗലശ്ശേരി മൈതാനിയിലേക്ക് ഒട്ടേറെ കളിയാസ്വാദകരാണ് ഒഴുകിയെത്തിയത്. ഉപജില്ലയിലെ മികച്ച എട്ടു ടീമുകൾ മാറ്റുരച്ച മേളയിൽ കരുത്തരായ മണാശ്ശേരി ജി.യു.പി സ്‌കൂളിനെ സെമിയിൽ തറപറ്റിച്ചാണ് കക്കാട് ജി.എൽ.പി സ്‌കൂൾ കലാശക്കളിക്ക് യോഗ്യത നേടിയത്. കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിന്റെ കിരീട മോഹത്തിന് ഭംഗം വരുത്തിയാണ് കാരശ്ശേരി യു.പി സ്‌കൂൾ ഫൈനലിലേക്ക് ബർത്ത് നേടിയത്. മേളയിലെ ഏറ്റവും മികച്ച കളിക്കാരനായി കാരശ്ശേരി സ്‌കൂളിലെ പി.പി യാസീനും ഏറ്റവും മികച്ച ഡിഫൻഡറായി കാരശ്ശേരിയുടെ തന്നെ ദുൽഖർ റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ ടോപ് സ്‌കോററായി കാരശ്ശേരിയുടെ മുഹമ്മദ് ഷഫിനും ഏറ്റവും മികച്ച ഗോൾക്കീപ്പറായി കക്കാട് ജി.എൽ.പി സ്‌കൂളിലെ റസലും തെരഞ്ഞെടുക്കപ്പെട്ടു. പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചായി കക്കാട് ജി.എൽ.പി സ്‌കൂളിലെ ടീം ക്യാപ്റ്റൻ നാബിഹ് അമീനും മണാശ്ശേരി ജി.യു.പി സ്‌കൂളിലെ ഗോൾക്കീപ്പർ ദേവദർശും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button