മലാംകുന്ന് മൈതാനം നവീകരണം: കാത്തിരിപ്പ് നീളുന്നു

കാരശ്ശേരി : കായികപ്രേമികളുടെയും കായിക താരങ്ങളുടെയും നാട്ടിൽ കളിക്കളം നവീകരണത്തിനായി നീണ്ടകാത്തിരിപ്പ്. ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള മുരിങ്ങംപുറായി മലാംകുന്ന് സ്റ്റേഡിയമാണ് വികസനംകാത്ത് കിടക്കുന്നത്.
ഒന്നേകാൽ ഏക്കറോളംവരുന്ന മൈതാനം നവീകരണം പ്രതീക്ഷിച്ചു കിടക്കാൻ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടു. മാറിമാറി വന്ന എം.പി. മാർ, എം.എൽ.എ.മാർ, ത്രിതല പഞ്ചായത്ത് അധികൃതർ തുടങ്ങിയവരെയെല്ലാം നാട്ടുകാർ ഈ ആവശ്യവുമായി സമീപിച്ചു കൊണ്ടിരിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്ത് പരിധിയിലെ ഏക കളിക്കളമാണ് അസൗകര്യങ്ങൾമൂലം വേണ്ടത്ര പ്രയോജനമില്ലാതെ കിടക്കുന്നത്. കുന്നുംകുഴിയും ചരലുമൊക്കെ നിറഞ്ഞുകിടക്കുന്നു. മഴപെയ്താൽ ചെളിയും വെള്ളക്കെട്ടുമാകും.കളിക്കാനെത്തുന്നവർക്ക് ശൗചാലയപോലുള്ള അടിസ്ഥാനസൗകര്യങ്ങളും അത്യാവശ്യമാണ്. കായിക പരിശീലനത്തിനും മത്സരങ്ങൾക്കും മറ്റും യോഗ്യമല്ലാത്ത അവസ്ഥയിലാണ് ഗ്രൗണ്ടുള്ളത്. ഫുട്ബോൾ കളിക്കാനുംമറ്റും ആശ്രയിക്കുന്നു ണ്ടെങ്കിലും അസൗകര്യങ്ങളുടെ പരിമിതി വലിയ പ്രതിസന്ധിയാണ്.
അഖില കേരള ഫുട്ബോൾ ടൂർണ മെൻറ്്, കബഡി ടൂർണമെൻറ്്, സ്കൂൾ കായികമേളകൾ തുടങ്ങിയവയൊക്കെ മുൻപ് ഈ ഗ്രൗണ്ടിൽ നടത്തിയിരുന്നു. ശരിയായരീതിയിൽ നിരപ്പാക്കി നവീകരിച്ച് സ്റ്റേജുംഗാലറിയും വൈദ്യുതിയും വെള്ളവുമൊക്കെ ഒരുക്കിയാൽ മലയോരമേഖലയിലെ മെച്ചപ്പെട്ട സ്റ്റേഡിയമാണ് ലഭിക്കുക. പരിശീലനത്തിന് സൗകര്യം ലഭിച്ചാൽ ഒട്ടേറേ പ്രതിഭകളെ കണ്ടെത്താനാകും.