Kodanchery
കശുമാവിൻതോട്ടത്തിൽ തീപ്പിടിത്തം; ഒരേക്കറിലെ കൃഷി നശിച്ചു

കോടഞ്ചേരി : കാശുമാവിൻതോട്ടത്തിലെ അടിക്കാടിൽ തീ പടർന്നുപിടിച്ച് ഒരേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കോടഞ്ചേരി ചൂരമുണ്ടയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സംഭവം. കണ്ണപ്പൻകുണ്ട് സ്വദേശി പുളിക്കൽ ചന്ദ്രന്റെ കശുമാവിൻതോട്ടത്തിനാണ് തീപിടിച്ചത്. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുമൂലം തീപടരുകയായിരുന്നു. തുടർന്ന്, മുക്കം അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ചു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി. സീനിയർ ഫയർ ഓഫീസർ എൻ. രാജേഷ്, സേനാംഗങ്ങളായ പി.ടി. ശ്രീജേഷ്, എം. സുജിത്ത്, വൈ.പി. ഷറഫുദ്ധീൻ, കെ.എം. ജിഗേഷ്, പി. ശിനീഷ്, സി.എഫ്. ജോഷി, പി. രാജേന്ദ്രൻ, കിരൺ നാരായൺ, ബി. അശ്വിൻ, ഷാരോൺ, പി.എസ്. അഖിൽ എന്നിവർ ചേർന്നാണ് തീയണച്ചത്.