Thiruvambady

മലയോര ഹൈവേ;കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനം 15-ന്

തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം മൂന്നിന് കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും.

2016-ൽ അധികാരത്തിൽവന്ന ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യഘട്ടത്തിൽ കോഴിക്കോട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് വാളാടുമുതൽ കക്കാടംപൊയിൽവരെയുളള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020-ൽ ജോർജ് എം. തോമസ് എം.എൽ.എ.യായിരുന്ന സമയം റീച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കിഫ്ബി സഹായധനത്തോടെ 195 കോടിരൂപ ചെലവഴിച്ചാണ് 34.3 കിലോമീറ്റർ ദൈർഘ്യമുള്ള പാത പൂർത്തീകരിച്ചത്. 12 മീറ്റർ വീതിയുണ്ട്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തിയത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭകേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജവിളക്കുകളും സിഗ്നൽലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് വെയ്‌റ്റിങ് ഷെഡ്ഡുകൾ, കൈവരികൾ എന്നിവയുമുണ്ട്. കൂമ്പാറയിലും വീട്ടിപ്പാറയിലുമായി രണ്ടുപാലങ്ങളുമുണ്ട്.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് പുല്ലൂരാംപാറയിൽ, നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയിലേക്ക് എത്തുന്ന തിരുവമ്പാടി-മറിപ്പുഴ റോഡുമായി ചേരുന്നു. കാസർകോട്‌ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാലവരെ നീളുന്നതാണ് പാത. ജില്ലയിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോരഹൈവേ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ഭൂമിശാസ്ത്രപരായ കാരണങ്ങളാൽ അലൈൻമെന്റ് തയ്യാറാക്കാതിരുന്ന മേലെ കൂമ്പാറ-ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് ഗ്രാമീണറോഡിൽ ഉൾപ്പെടുത്തി ഉടൻ നവീകരിക്കും.ഇതിനായി കിഫ്ബി 26.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button