മഴയെത്തിയാൽ ഇവിടം ദ്വീപാകും

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂരിനെയും ചുള്ളിക്കപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന കണ്ടങ്ങൽ-അയ്യപ്പൻകുന്ന്-ചെന്നിപ്പറമ്പ് റോഡ് ഉയർത്തി നവീകരിക്കാനുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് പരിഹാരമാവുന്നില്ല. മഴക്കാലമായാൽ കണ്ടങ്ങൽ, അയ്യപ്പൻകുന്ന്, ചെന്നിപ്പറമ്പ് പ്രദേശവാസികൾ ദ്വീപിലകപ്പെട്ടനിലയിൽ ഒറ്റപ്പെടും. ഈ നാട്ടിലൂടെ കടന്നുപോകുന്ന കണ്ടങ്ങൽ-അയ്യപ്പൻകുന്ന്-ചെന്നിപ്പറമ്പ് റോഡ് വെള്ളത്തിനടിയിലാകുന്നതാണ് കാരണം.
കൊടിയത്തൂർ പഞ്ചായത്തിലെ ഏറ്റവുംതാഴ്ന്ന വയൽപ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. ഇപ്പോൾ വേനൽക്കാലത്തിലേക്ക് കടക്കുമ്പോഴും ഈ റോഡിന്റെ പരിസരത്തെ വയൽ ചാലിയാറിലെ വെള്ളം കയറിക്കിടക്കുന്നത്ര താഴ്ന്നപ്രദേശമാണ്. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് മഴക്കാലമായൽ അടയുന്നത്. തോണിയെ ആശ്രയിച്ചുവേണം ഇവർക്ക് പുറത്തുപോകാൻ. ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചുള്ളിക്കാപറമ്പ് ഗവ. എൽ.പി. സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും പോകാൻ ഈ റോഡുമാത്രമാണ് പ്രദേശവാസികൾക്കുള്ളത്. വരിയഞ്ചാൽ അങ്കണവാടി, അൽ ഫാറൂക്ക് കോളേജ് എന്നിവ സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്താണ്.