പുലിപ്പേടിയിൽ വല്ലത്തായിപ്പാറ

കാരശ്ശേരി : പുലിയുടെ സാന്നിധ്യം സംശയിക്കുന്നതിനെത്തുടർന്ന് ഭീതി നിലനിൽക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ത്വരപ്പെടുത്തണമെന്നാവശ്യപ്പെട്ടും, സർവകക്ഷിയോഗം ചേർന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ രണ്ടാഴ്ചയായി പുലിയെ കാണുന്നതായി നാട്ടുകാർ പറയുന്നു. വനംവകുപ്പധികൃതർ പരിശോധന നടത്തുകയും, ക്യാമറ സ്ഥാപിക്കുകയും ചെയ്തെങ്കിലും പുലിയെ കണ്ടെത്താനായില്ല. പക്ഷേ, കൂടുതൽ സ്ഥലങ്ങളിൽവെച്ച് പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുകയും സമീപപ്രദേശത്തുനിന്ന് വളർത്തുനായയെയും കാട്ടുപന്നിയെയും അജ്ഞാതജീവി പിടിക്കുകയും ചെയ്തതോടെ ജനം ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ യോഗംചേർന്നത്.
ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും, കൂടുസ്ഥാപിക്കുന്നതിനും, അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്തംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, ഇ.പി. അജിത്ത്, കെ. ശിവദാസൻ, കെ.പി. ഷാജി, താലൂക്ക്തല ആർ.ആർ.ടി. മുസ്തഫ തിയ്യാൻ, ലത്തീഫ് പനങ്ങാംപുറം, ഹംസ ചുക്കാൻ, കീലത്ത് മുജീബ്, ടി.ടി. ഷൈജു, എം.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾക്കായി പഞ്ചായത്തംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത് ചെയർമാനും ഇ.പി. അജിത്ത് കൺവീനറുമായി 22 അംഗ ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചു.