റോഡ് നവീകരണം ;കോടഞ്ചേരി അങ്ങാടിയിൽ വൻ ഗതാഗത തടസ്സം

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാന്മുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയുടെ മെയിൻ ജംഗ്ഷനിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നത് പൊടിശല്യത്തിനും ഗതാഗത തടസത്തിനും കാരണമാകുന്നു.
2018ൽ തുടങ്ങിയ പ്രസ്തുത റോഡ് നവീകരണം ഇതുവരെയും പൂർത്തിയായിട്ടില്ല. ഈ റോഡിന്റെ ആദ്യഘട്ട ടാറിങ്ങിന്റെ ഭാഗമായിട്ടാണ് കോടഞ്ചേരി അങ്ങാടിയിൽ ഏകദേശം 75 മീറ്ററോളം വരുന്ന ഭാഗം ആഴ്ചകൾക്കു മുൻപ് വളരെ ആഴത്തിൽ മണ്ണെടുത്ത് മാറ്റിയത്. എന്നാൽ തുടർന്നുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുമില്ല.ഇതിൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ ഈ ഭാഗത്ത് ഗതാഗത തടസ്സവും പൊടി ശല്യവും രൂക്ഷമായിരിക്കുകയാണ്. ഗതാഗത നിയന്ത്രിക്കാൻ ആദ്യ ദിവസങ്ങളിൽ ഒരു തൊഴിലാളിയെ നിർത്തിയിരുന്നെങ്കിലും ഇപ്പോൾ ഇല്ല. വയനാട്ടിൽ നിന്നും വരുന്ന നിരവധി വാഹനങ്ങൾ ആണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്.
ഇതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കണം എന്നാണ് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.