Thiruvambady

ഒരുവശത്തുമാത്രം റീടാറിങ് : ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു

തിരുവമ്പാടി : അധികൃതരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് റീടാറിങ്. ഒരുവശത്തുമാത്രം റീടാറിങ് നടത്തിയതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു. തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരംമുതൽ തമ്പലമണ്ണ റോഡിൽ സിലോൺ കടവുവരെയുള്ള ഏതാണ്ട് രണ്ടുകിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടാഴ്ചമുൻപ്‌ ഒരുവശത്തുമാത്രം റീടാറിങ് നടത്തുകയുണ്ടായി.

ഇതോടെ നടുഭാഗത്ത്‌ ഏതാണ്ട് അഞ്ച് സെന്റീമീറ്റർ താഴ്ചയിലായി റോഡിന്റെ മറുഭാഗം. ഇതറിയാതെ വാഹനങ്ങൾ വശംകൊടുക്കുമ്പോൾ നിയന്ത്രംവിടുകയാണ്. തിരുവമ്പാടി ഹോമിയോ ഡിസ്പെൻസറിക്കുസമീപം കറ്റിയാട് ഭാഗത്ത് അപകടപരമ്പരതന്നെയുണ്ടായി. ഏറ്റവുമൊടുവിൽ ഇന്നലെ ബൈക്ക് മറിഞ്ഞ് യുവതിക്ക് ഗുരുതരപരിക്കേറ്റു. രണ്ടാഴ്ചപിന്നിട്ടിട്ടും മറുഭാഗത്ത് റീടാറിങ് നടത്താത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

പ്രവൃത്തി തുടങ്ങി ആറരവർഷം പിന്നിട്ടും റോഡുപണി പൂർത്തിയായില്ല. കേവലം 21.2 കിലോമീറ്റർ റോഡിന്റെ നവീകരണപ്രവൃത്തിക്കാണ് കാലവിളംബം. 2018 സെപ്റ്റംബറിലാണ് റോഡുപണി ആരംഭിക്കുന്നത്. നിശ്ചിതകാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് നാഥ് കൺസ്ട്രക്‌ഷൻ കമ്പനിയെ സർക്കാർ രണ്ടരവർഷംമുൻപ്‌ പിരിച്ചുവിട്ടിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പകരം കരാർ ഏറ്റെടുത്തെങ്കിലും പണി ഇഴഞ്ഞുതന്നെ. നേരത്തേ പൊതുമരാമത്ത് അധീനതയിലായിരുന്ന റോഡ് രണ്ടരവർഷമായി കെ.ആർ.എഫ്.ബി. അധീനതയിലാണ്.

Related Articles

Leave a Reply

Back to top button