Thiruvambady

കാറ്റിലും മഴയിലും മലയോരത്ത് വാഴക്കൃഷിക്ക് കനത്ത നാശം

തിരുവമ്പാടി : കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം. പ്രധാനമായും നേന്ത്ര വാഴത്തോട്ടമാണ് കാറ്റിൽ നശിച്ചത്. ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. കൂടരഞ്ഞി, കുളിരാമുട്ടി, കക്കാടംപൊയിൽ, തേക്കുംകുറ്റി, കാഞ്ഞിരമൊഴി, അള്ളി, ആനക്കാംപൊയിൽ മേഖലകളിലാണ് വാഴത്തോട്ടം നശിച്ചത്.

കുളിരാമുട്ടി സി.പി.മമ്മദ് ചെലപ്പുറത്ത്, അഖിൽ പൈക്കാട്ടിൽ, പ്രിൻസ് മൈലാടിയിൽ, അഷ്റഫ് ഉള്ളാട്ടുതൊട്ടി, അബ്ദുല്ല പൂളക്കമണ്ണിൽ എന്നീ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. താഴെ കക്കാട് വല്ല്യാട്ട്കണ്ടത്തിൽ അജയന്റെ വാഴത്തോട്ടം കാറ്റിൽ നശിച്ചു. കൂടരഞ്ഞി തൂങ്കലിൽ ഹരിദാസന്റെ ആയിരത്തോളം വാഴകൾ വീണു. കാഞ്ഞിരമൂഴി രാഘവൻ എറക്കാട്ടുമ്മൽ, ടി.കെ.പ്രകാശൻ, ദിനേശൻ, കച്ചേരി കെ.ഷാജികുമാർ, അള്ളി ഇ.പി.ബാബു എന്നിവരുടെ വാഴത്തോട്ടവും നശിച്ചു.കഴിഞ്ഞ വർഷത്തെ വേനൽ മഴയിലും കാലവർഷത്തിലും കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ബാങ്ക് വായ്പ എടുത്ത് കൃഷി ചെയ്ത തോട്ടങ്ങളാണ് നശിച്ചത്.

നേന്ത്ര വാഴയ്ക്ക് നല്ല വിലയുള്ള കാലത്ത് കുലച്ച വാഴകൾ കൂട്ടത്തോടെ നശിച്ചത് കർഷകർക്ക് വൻതിരിച്ചടി ആയി.

Related Articles

Leave a Reply

Back to top button