ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ

മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ടാറിങ് പൂർത്തീകരിച്ചത്.
റോഡിന്റെ ഉപഭോക്താക്കളിൽ ഏറെപ്പേരും സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് റോഡ് വെട്ടാനായിരുന്നില്ല. നാട്ടുകാരുടെ വഴിപ്രശ്നം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് 2020-ൽ ജനമൈത്രി പോലീസ് വിഷയത്തിൽ ഇടപെടുന്നത്. ജനമൈത്രി എസ്ഐ അസൈനിന്റെയും അന്ന് നഗരസഭാ കൗൺസിലറായിരുന്ന പി.ടി. ബാബുവിന്റെയും നേതൃത്വത്തിൽ സ്ഥലമുടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് റോഡ് യാഥാർഥ്യമായത്. ഇവരുടെതന്നെ നേതൃത്വത്തിൽ സ്ഥലം അളന്ന് റോഡ് വെട്ടുകയായിരുന്നു.
ഇരുനൂറ് മീറ്ററോളം ടാറിട്ട റോഡ് യാഥാർഥ്യമായതോടെ വെസ്റ്റ് മാമ്പറ്റയിൽനിന്ന് ചെരിക്കലോട് ഭാഗത്തേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. ഇടവഴിയായിരുന്ന കാലത്ത് അസുഖബാധിതരെ ആശുപത്രിയിലെത്തിക്കാൻ എടുത്തുകൊണ്ടുപോകേണ്ട സാഹചര്യമായിരുന്നു. റോഡ് യാഥാർഥ്യമായതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ശങ്കരൻകണ്ടി ഖദീജയ്ക്കും അന്ന് ജനമൈത്രി പോലീസ് റോഡ് ഒരുക്കിക്കൊടുത്തിരുന്നു.