വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോരത്ത് കാട്ടുപൂച്ചശല്യവും

തിരുവമ്പാടി : ആനകളും പന്നികളും പുലികളും ഉൾപ്പെടെ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോരത്ത് കാട്ടുപൂച്ചശല്യവും. 19 വളർത്തുകോഴികളെ കാട്ടുപൂച്ച കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ മേലേലക്ഷംവീട് കൊമ്മറോഡിൽ മാകുന്നുമ്മൽ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. 50-ഓളം കോഴികളെ വളർത്തുന്ന കൂടിന്റെ നെറ്റ് തകർത്താണ് അകത്ത് കയറിയത്. ശനിയാഴ്ചരാത്രി 10 മണിക്ക് ശേഷമാണ് സംഭവം.
കോഴികളുടെ ശബ്ദംകേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കൂട്ടിൽ കോഴികളെ കൊന്നിട്ടതും കൂട് തകർത്തതും കാണുന്നത്. പലദിവസങ്ങളായി കോഴികളെ കൊണ്ടുപോയതാണെന്നാണ് സംശയം. തൊട്ടടുത്തവീട്ടിലെ സിസിടിവി ക്യാമറയിൽനിന്നും കാട്ടുപൂച്ച വരുന്നദൃശ്യം ലഭിച്ചിട്ടുണ്ട്. ദൃശ്യം വനംവകുപ്പ് പരിശോധിച്ച് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലയോരത്ത് കാട്ടുപൂച്ചകളുടെ സാന്നിധ്യമുണ്ടെങ്കിലും വളർത്തുജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നത് ഇതാദ്യമായാണെന്ന് പീടികപ്പാറ സെക്‌ഷൻ ഓഫീസർ പി. സുബീർ പറഞ്ഞു. ഒരെണ്ണമാണ് എത്തിയത്. 10,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആർജെഡി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.