അൽ ഇർഷാദ് എൻഎസ്എസ് യൂണിറ്റിന് സംസ്ഥാനപുരസ്കാരം

മുക്കം : സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യമുക്തനവകേരളം കാമ്പെയിനിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാനപുരസ്കാരം തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമെൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷിൽനിന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, വി. നിതാര എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പരിപാടി ഉദ്ഘാടനംചെയ്തു.
തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാനം. ഇരുവഞ്ഞിപ്പുഴ പ്ലാസ്റ്റിക് മുക്തമാക്കുന്ന പദ്ധതി, തുഷാരഗിരി-കക്കാടംപൊയിൽ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പാക്കിയ ശുചീകരണപദ്ധതി, ഇരുതുള്ളിപ്പുഴയിൽ മുളകൾ വെച്ചുപിടിപ്പിച്ച പദ്ധതി, ടോയ്‌ലറ്റ് സ്പീക്സ്, ബീച്ച്-റെയിൽവേ സ്റ്റേഷൻ-കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.