Kodanchery

ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി

കോടഞ്ചേരി:ചെമ്പുകടവ് പുതിയ പാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപന റോഡ് ടാറിങ്ങും പൂർത്തിയായി. ഇരുകരകളിലുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഇതിനായി ഏറ്റെടുത്തു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒരു വർഷം മുമ്പേ പാലം പണി പൂർത്തിയാക്കിയെങ്കിലും സമീപന റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാല താമസത്തിന് ഇടയാക്കിയത്.

ചാലിപ്പുഴയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം ചെമ്പുകടവിനെയും അടിവാരത്തെയും ബന്ധിപ്പിക്കുന്ന പുതിയ ആർച്ച്പാലം. എട്ടു കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച പാലത്തിന് 55 മീറ്റർ നീളമുണ്ട്.ഇരുവശത്തും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ, 12 മീറ്റർ വീതിയുമുണ്ട്. കണ്ടപ്പൻചാൽ പാലത്തിന്റെ മാതൃകയിൽ തൂണുകൾ ഇല്ലാത്ത രീതിയിലാണ് നിർമ്മാണം.

ചാലിപ്പുഴക്ക് കുറുകെ അരനൂറ്റാണ്ട് മുമ്പ് ജലസേചന വകുപ്പ് നിർമ്മിച്ച ബണ്ടു പാലത്തിലൂടെയാണ് ജനങ്ങൾ ഇപ്പോൾ അക്കരെയിക്കരെ കടക്കുന്നത്. തൂണുകളിന്മേലുള്ള, താഴ്ന്ന പാലത്തിൽ കല്ലുകളും തടിയും മറ്റും പ്രളയജലത്തിൽ വന്നടിഞ്ഞ്പുഴ ഗതിമാറി അങ്ങാടിയിലൂടെയൊഴുകി പ്രദേശത്ത് പ്രളയം പതിവായിരുന്നു. പുതിയപാലം ഉടൻ ഉദ്ഘാടനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Leave a Reply

Back to top button