കൊട്ടാരക്കോത്ത് കുടുംബവഴക്കിനിടെ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

പുതുപ്പാടി : പഞ്ചായത്തിലെ കൊട്ടാരക്കോത്ത് മദ്യലഹരിയിലായിരുന്ന അച്ഛൻ കുടുംബവഴക്കിനിടെ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു.
കൊട്ടാരക്കോത്ത് പാലത്തിനുസമീപം താമസിക്കുന്ന ലോറിഡ്രൈവറായ പാറക്കൽവീട്ടിൽ മുഹമ്മദ് റാഷിദി(24)നാണ് കുത്തേറ്റത്.
വയറിനുനേരേ കുത്താനുള്ള ശ്രമം തടയുന്നതിനിടെ കൈക്കും തുടയ്ക്കും കാലിനും കുത്തേറ്റു. റാഷിദ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പതിനെട്ട് തുന്നലുണ്ട്.
സംഭവത്തിൽ പെരുമ്പള്ളി പാറക്കൽ എൻ.കെ. നൗഷാദി(45)നെ നരഹത്യാശ്രമത്തിനും മാരകായുധംകൊണ്ട് മുറിവേൽപ്പിച്ചതിനുമുള്ള വകുപ്പുകൾചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു.പിന്നീട് താമരശ്ശേരി ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്യുകയും ചെയ്തു.വല്ല്യുമ്മയെ വഴക്കുപറഞ്ഞത് ചോദ്യംചെയ്ത മകനെ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് നൗഷാദ് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച രാത്രി ഒൻപതേ മുക്കാലോടെയാണ് സംഭവം. അക്രമത്തിനിടെ നൗഷാദിന്റെ മുഖത്തും പരിക്കേറ്റു.
സംഭവത്തിനുശേഷം വാതിലടച്ച് വീട്ടിനകത്തുനിന്ന നൗഷാദിനെ താമരശ്ശേരി പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു.