കക്കാടം തോട് നവീകരണം; വേണ്ടത് മൂന്നരക്കോടി കിട്ടിയത് അരക്കോടി

കാരശ്ശേരി : മണ്ണും കല്ലും ചെളിയും മാലിന്യവുമെല്ലാം അടിഞ്ഞുകൂടി നികന്ന കക്കാടംതോട് നവീകരിക്കാനുള്ള കർഷകരുടെ അപേക്ഷ ഇതേവരെ പരിഗണിക്കാൻ തയ്യാറായത് ജില്ലാപഞ്ചായത്ത് മാത്രം. ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല അറിയിച്ചു. കഴിഞ്ഞവർഷവും 25 ലക്ഷം അനുവദിച്ചിരുന്നു. തോടു നവീകരിക്കാൻവേണ്ടത് 3.5 കോടി രൂപയാണ്. ഇതുവരെ ആകെ ലഭിച്ചത് 50 ലക്ഷംമാത്രം.
കഴിഞ്ഞവർഷം അനുവദിച്ച തുകകൊണ്ട് 150 മീറ്ററോളമാണ് തോടുനവീകരിക്കാൻ സാധിച്ചത്. ഇപ്പോൾ അനുവദിച്ച തുകകൊണ്ട് ഇത്രയും കൂടിയേ നവീകരിക്കാൻ സാധ്യതയുള്ളൂ. നവകേരളസദസ്സിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും രണ്ടുകിലോമീറ്റർ നീളത്തിൽ തോട്ടിലെ മണ്ണും ചെളിയും മാലിന്യവും നീക്കം ചെയ്ത് രണ്ടുമീറ്റർ ഉയരത്തിൽ ഇരുവശങ്ങളിലും കരിങ്കൽഭിത്തി കെട്ടി തോട് സംരക്ഷിക്കേണ്ടതാണെന്ന് ചെറുകിട ജലസേചനവകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതാണെന്ന് ചെറുകിട ജലസേചനവകുപ്പ് കോഴിക്കോട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ നിവേദനം നൽകിയവർക്ക് മറുപടിയും നൽകിയിരുന്നു. പക്ഷേ, ഇതുവരെയും ഇതു സംബന്ധിച്ച മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല.
കൊടിയത്തൂർ പഞ്ചായത്തിലെ തോണിച്ചാൽ, ബെല്ലാറ മലകളിൽനിന്ന് ഉദ്‌ഭവിച്ച് രണ്ടുതോടുകളായി ഒഴുകി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ രണ്ടുകലുങ്ക് വഴി കടന്ന്, ശേഷം ഒന്നായി സംഗമിച്ച് കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലൂടെ ഒഴുകി കോട്ടമുഴിൽവച്ച് ഇരുവഞ്ഞിപ്പുഴയിൽ സംഗമിക്കുന്നതാണ് കക്കാടം തോട്. ഒട്ടേറെ കൈത്തോടുകളും ഈ തോട്ടിൽ വന്നുചേരുന്നുണ്ട്. കൃഷിക്കും മീൻപിടിക്കാനും അലക്കാനും കുളിക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും ഒരു പ്രദേശത്തിന്റെ മുഴുവനും കിണറുകളിലെ ജലസ്രോതസ്സായും നിലനിന്നതാണ് ഈ തോട്. കക്കാട് ഭാഗത്തേക്കും നെല്ലിക്കാപ്പറമ്പ് ഭാഗത്തേക്കും നോക്കെത്താദൂരം പരന്നുകിടക്കുന്ന നൂറേക്കറിലധികം വയലേലകൾ രൂപപ്പെട്ടതും ഈ തോടിന്റെ ജലസംഭാവന സ്വീകരിച്ചാണ്.