Thiruvambady

ഓവുചാൽ അടച്ച് സംരക്ഷണഭിത്തി നിർമാണം; അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ

തിരുവമ്പാടി : നവീകരണപ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഓവുചാൽ അടച്ചുകൊണ്ട് സംരക്ഷണഭിത്തി നിർമാണം. തിരുവമ്പാടി-മുക്കം റോഡിൽ തൊണ്ടിമ്മൽ പൊതുകിണർ പരിസരത്തെ ഓടയാണ് പൂർണമായും അടച്ച് കരിങ്കൽഭിത്തി പണിതിരിക്കുന്നത്. പ്രവൃത്തിയിൽ അശാസ്ത്രീയതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ഓവുചാൽ അടയ്ക്കുന്നത് റോഡിൽ വെള്ളക്കെട്ട് ഭീഷണിക്ക്‌ ഇടയാക്കും. വലിയ വെള്ളപ്പൊക്കസമയത്ത് ഇരുവഴിഞ്ഞിപ്പുഴ കരവിഞ്ഞ്‌ റോഡിലെത്താറുണ്ട്.
റോഡിനോട് തള്ളി താഴ്ന്നവിതാനത്തിൽ സ്ഥിതിചെയ്യുന്ന സമീപത്തെ പൊതുകിണർ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലേക്ക് ഏറെ തള്ളിയാണ് കിണറുള്ളത്. 1998-99 വർഷത്തിൽ ജനകീയാസൂത്രണപദ്ധതി പ്രകാരമാണ് തൊണ്ടിമ്മൽ കൂളിപ്പാറ ശുദ്ധജലവിതരണപദ്ധതി ആരംഭിച്ചത്. ഏതാണ്ട് 50 മീറ്റർ അകലെയാണിത്. പ്രധാനറോഡിൽ ഇരുവഴിഞ്ഞി തൊണ്ടിമ്മൽ കടവിലേക്കുള്ള റോഡിന്റെ ഭാഗത്താണ് അഴുക്കുചാൽ അടച്ചിരിക്കുന്നത്. പഞ്ചായത്ത് റോഡായ കടവ് റോഡിന്റെ ഭാഗത്തേക്കാണ് സംരക്ഷണഭിത്തി തീർത്തിരിക്കുന്നത്. അഴുക്കുചാലിന്റെ മുകൾഭാഗത്ത് നേരിയ വിടവുമാത്രമാണ് ഒഴിച്ചുനിർത്തിയിരിക്കുന്നത്. ബാക്കിഭാഗമെല്ലാം കരിങ്കൽഭിത്തികൊണ്ട് അടച്ചിട്ടുണ്ട്. കടവ് റോഡിനപ്പുറം കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ്ഹൗസും സംരക്ഷിക്കുന്നതിനായി ഭിത്തിപണിയുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

കനത്തമഴയിൽ ഓവുചാലിൽനിന്ന്‌ വെള്ളം കുത്തിയൊലിച്ച് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. താഴ്ന്നവിതാനത്തിൽ ഒട്ടേറെവീടുകളുള്ള പ്രദേശമാണിത്. വെള്ളം തിരിച്ചുവിടാനുള്ള ശാസ്ത്രീയ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Back to top button