Kozhikode

കുന്നമംഗലത്തിനു സമീപം വര്‍ക്ക്‌ഷോപ്പില്‍ അഗ്നിബാധ; നിരവധി കാറുകള്‍ നശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട്: കുന്നമംഗലത്തിനടുത്ത് ചൂലാംവയലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു. ബെന്‍സ് അടക്കമുള്ള ആഡംബരകാറുകള്‍ റിപ്പയര്‍ ചെയ്യുന്ന എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിലാണ് ഇന്നുപുലര്‍ച്ചെ അഗ്നിബാധയുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച പന്ത്രണ്ട് കാറുകള്‍ക്ക് കേടുപാടുണ്ടായി. ഒരു ബെന്‍സ് പൂര്‍ണമായും നശിച്ചു.

ബെന്‍സ് കാറുകളുടെ റിപ്പയറിംഗിനു പേരുകേട്ട കോഴിക്കോട്ടെ വര്‍ക്ക്‌ഷോപ്പാണിത്. ജോഫി എന്നയാളാണ് ഉടമസ്ഥന്‍. നാട്ടുകാരും കുന്നമംഗലം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. നരിക്കുനി, വെള്ളിമാടുകുന്ന് എന്നീ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള പത്തുയൂണിറ്റാണ് സ്ഥലത്തെത്തിയത്. അപകടകാരണം സംബന്ധിച്ച് വ്യക്തമായിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ ഉറപ്പിക്കാനാകൂവെന്നും അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണായതിനാല്‍ സ്ഥാപനം അടച്ചിട്ടതായിരുന്നു. പുലര്‍ച്ചെയായതിനാല്‍ തീയും പുകയുമുയര്‍ന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. ഇവരെത്തിയാണ് സമീപത്തെ കടകളിലേക്കും മറ്റും തീ പടരുന്നത് ഒഴിവാക്കിയത്.

Related Articles

Leave a Reply

Back to top button