അപകടത്തുരുത്തായി പൊന്നാങ്കയംരണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടം

തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന പുല്ലൂരാംപാറ പൊന്നാങ്കയം സ്കൂൾ പരിസരത്ത് വാഹനാപകടങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടമാണുണ്ടായത്. ഏറ്റവുമൊടുവിൽ ബുധനാഴ്ച രാവിലെ പൊന്നാങ്കയം തറപ്പേൽ പാലത്തിൽ കാർ കൈവരിയിൽ ഇടിച്ചു. തെല്ലകലെ പോയാണ് നിന്നത്. കാറിന്റെ മുൻഭാഗം തകർന്നു. കുളിരാമുട്ടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സാരമായ പരിക്കില്ല.
തുഷാരഗിരി, അരിപ്പാറ, മറിപ്പുഴ, പൂവാറൻതോട്, കക്കാടംപൊയിൽ തുടങ്ങിയ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റുമായി സദാസമയം വാഹനങ്ങളുടെ തിരക്കാണ്. റോഡ് വികസിപ്പിച്ചതോടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചുപായുന്നത്.
മലയോരഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. കരിങ്കൽക്വാറികളും ക്രഷുകളും ധാരാളമുള്ള കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള ടിപ്പറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങളുടെയും എണ്ണം കൂടിവരുകയാണ്. പൊന്നാങ്കയം, പുല്ലൂരാംപാറ എന്നിവിടങ്ങളിലെ വിവിധ സ്കൂളിലെ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാർ ആശ്രയിക്കുന്ന റോഡിലാണ് വാഹനങ്ങൾ മരണപ്പാച്ചിൽ തുടരുന്നത്. മഴക്കാലത്താണ് വാഹനാപകടങ്ങൾ കൂടുതലൽ. മലയോരഹൈവേയുടെ കൂമ്പാറ ആനക്കല്ലുംപാറയും പൊന്നാങ്കയവും പ്രധാന അപകടത്തുരുത്തുകളാണ്. ആനക്കല്ലുംപാറയിൽ ഇരുചക്രവാഹനങ്ങൾ കൊക്കയിലേക്കുപതിച്ച് ഒട്ടേറെ ജീവനാണ് ഇതിനകം പൊലിഞ്ഞത്. പൊന്നാങ്കയത്ത് ജീവഹാനിസംഭവിച്ചില്ലെന്നുമാത്രം. അപകടഭീഷണി ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് രണ്ടിടത്തും മുന്നറിയിപ്പുബോർഡുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ ഒഴിയുന്നില്ല. അതിവേഗമാണ് പ്രധാനകാരണം.







