തിരുവമ്പാടി കറ്റിയാട് വാർഡിൽ എൽഡിഎഫ് പിന്തുണ ആം ആദ്മി പാർട്ടിക്കുതന്നെ; സിപിഎം സ്ഥാനാർഥി പിന്മാറി

തിരുവമ്പാടി : തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസിനെച്ചൊല്ലി വിവാദമായ ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട് വാർഡിൽ എൽഡിഎഫ് ആം ആദ്മി പാർട്ടി സ്ഥാനാർഥിയെത്തന്നെ പിന്തുണയ്ക്കും. പിണറായി സർക്കാരിനെതിരേ രൂക്ഷവിമർശനമടങ്ങിയ നോട്ടീസായിരുന്നു ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ ഡെയ്സി തോമസ് പ്രവർത്തകർക്കൊപ്പം വീടുകളിൽ വിതരണംചെയ്തിരുന്നത്. ഇത് മുന്നണിയിൽ അസ്വാരസ്യമുയർത്തിയിരുന്നു. സംഭവം സജീവ ചർച്ചയായതോടെ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ സിപിഎമ്മിൽ ആലോചനയുണ്ടായി.
സിപിഎം പ്രതിനിധി ജെൻസി ബിജുവും കഴിഞ്ഞദിവസം നാമനിർദേശപത്രിക നൽകുകയുണ്ടായി. എന്നാൽ ഒടുവിൽ ഇന്നലെ പത്രിക പിൻവലിച്ചു മുന്നണി ആം ആദ്മി പാർട്ടി സ്ഥാനാർഥിയെത്തന്നെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിക്ക് വാർഡിലുള്ള വേരോട്ടംകൂടി കണക്കിലെടുത്താണ് സിപിഎമ്മിന്റെ പിന്മാറ്റം.
ഇടതുമുന്നണി ഇവിടെ പിന്തുണ അറിയിക്കുകയാണുണ്ടായതെന്നും മുന്നണി സ്ഥാനാർഥിയായല്ല പത്രിക നൽകിയതെന്നും ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബേബി തരണിയിൽ പറഞ്ഞു. പാർട്ടിയുടെ പ്രഖ്യാപിതനയ നിലപാടിൽനിന്ന് പിറകോട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.







