താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

അടിവാരം : കെ.എസ്.ആർ.ടി.സി. ബസ്സുകളും മരലോറിയും വീതിക്കുറവുള്ള ഭാഗങ്ങളിൽ കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഗതാഗത തടസ്സത്തിന് തുടക്കമായത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. മിന്നൽ ബസ് യന്ത്രത്തകരാറിനെത്തുടർന്ന് ചുരത്തിലെ ഏറ്റവും ഇടുങ്ങിയ വളവായ ആറാം ഹെയർപിൻ വളവിൽ കുടുങ്ങുകയായിരുന്നു. തകരാർ പരിഹരിച്ച് രാവിലെ പത്തരയോടെയാണ് ബസ് വളവിൽ നിന്നും മാറ്റിയത്. അതുവരെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്. ബസ് വളവിന് നടുവിൽ വിലങ്ങനെ നിന്നതോടെ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോവാൻ പ്രയാസം നേരിടുകയും ചെയ്തു. വാഹനങ്ങൾ വൺവേയായി മാത്രം കടന്നുപോയതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരംപാതയിൽ രാവിലെ പ്രകടമായത്.
രാത്രി ഏഴരയോടെ മരങ്ങൾ കയറ്റി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ചക്രം പൊട്ടിയതിനെത്തുടർന്ന് ആറാം വളവിന് താഴെ റോഡിന് വീതിയുള്ള ഭാഗത്ത് കുടുങ്ങിയതും ഗതാഗത തടസ്സത്തിനിടയാക്കി. വൺവേയായി മാത്രമാണ് ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോവാനായത്. ഇതിനിടെ രാത്രി എട്ടരയോടെ ആറാം വളവിൽ കെ.എസ്.ആർ.ടി.സി.യുടെ സ്വിഫ്റ്റ് ബസ് യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങി. എസ്.ഐ. പി.കെ. ജയപ്രകാശിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഹൈവേ പോലീസ് ബസ് പിറകോട്ടെടുപ്പിച്ച ശേഷം അഞ്ചാം വളവിൽ വീതിയുള്ള ഭാഗത്തേക്ക് നിർത്തിയിടുകയായിരുന്നു. ബസ് കുടുങ്ങിയതിന് പിന്നാലെ കുറച്ചു നേരത്തേക്ക് ചുരമിറങ്ങിവന്ന വലിയ വാഹനങ്ങൾക്ക് അതുവഴി കടന്നുപോവാനായില്ല. ബസ് മാറ്റുന്നത് വരെ മറ്റുള്ള വാഹനങ്ങൾക്ക് ഒറ്റവരിയായാണ് ഇതുവഴി കടന്നുപോവാനായത്. ഈ യാത്രാ തടസ്സവും ഏറെനേരം ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്തു.






