Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പുസ്തക പ്രയാണം നടത്തി

​ കോടഞ്ചേരി: വായനശാലകളിൽ നിന്നും വീടുകളിൽ നിന്നും അകന്നുപോകുന്ന പുസ്തകങ്ങളെ വീണ്ടും ജനകീയമാക്കാൻ വേറിട്ടൊരു പരീക്ഷണവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ വായനാ വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘പുസ്തക പ്രയാണം എന്ന പരിപാടി കണ്ണോത്ത് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും പുതിയൊരു അനുഭവമായി മാറി.

വായനയുടെ വസന്തം സമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ടൗണിലെ ഓരോ കടകളിലുമെത്തി വ്യാപാരികൾക്ക് പുസ്തകങ്ങൾ കൈമാറിയത്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ നഷ്ടപ്പെട്ടുപോയ വായനാശീലത്തെക്കുറിച്ചും, പുസ്തകങ്ങൾ സമ്മാനിച്ച പഴയകാല ഓർമ്മകളെക്കുറിച്ചും വ്യാപാരികൾ കുട്ടികളുമായി പങ്കുവെച്ചു.
​കേവലം പുസ്തക വിതരണത്തിൽ ഒതുങ്ങാതെ, ലഭിച്ച പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാനും അതിനെക്കുറിച്ച് ലഘുവായ കുറിപ്പുകൾ തയ്യാറാക്കാനും കടയുടമകളും നാട്ടുകാരും ഏറെ താല്പര്യം പ്രകടിപ്പിച്ചു എന്നത് പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി. സമൂഹത്തിൽ ചിന്തയുടെ പുതിയൊരു വെളിച്ചം വിതറാൻ ഈ ‘പുസ്തക പ്രയാണം വഴി സാധിച്ചു. വിദ്യാലയ മുറ്റത്തെ വായനാ വാരം നാട്ടുകാരുടെ കൂടി ഉത്സവമാക്കി മാറ്റിയ സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഈ കൂട്ടായ്മയെ നാട്ടുകാർ പ്രശംസിച്ചു.

Related Articles

Leave a Reply

Back to top button