ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഡ്യ റാലിയുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

കോടഞ്ചേരി : സംസ്ഥാന സർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ ദി നാർക്കോ ഹണ്ട് – പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അങ്ങാടിയിലൂടെ ലഹരി വിരുദ്ധ റാലി നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ.
ലഹരി വിമുക്ത നാടെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ കരുത്തോടെ മുന്നേറുന്നതിനും,യുവജനങ്ങളിൽ അവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് റാലിക്ക് സന്ദേശം നൽകിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സംസാരിച്ചു.
ലഹരി ഉപയോഗിക്കുക വഴി നമ്മുടെ മുൻപിൽ ഉടലോടെ നശിച്ചു കൊണ്ടിരിക്കുന്ന യുവ തലമുറയെ പറ്റിയും തകർന്നടിയുന്ന സാമൂഹിക വ്യവസ്ഥിതിയെ പറ്റിയും നെഞ്ചു പൊട്ടുന്ന ചില യാഥാർഥ്യങ്ങൾ നമുക്ക് സമൂഹവുമായി പങ്കു വെക്കാൻ കഴിയും. ഈ മാരകവിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.ലഹരി ഉപയോഗം ഓരോ കുടുംബത്തിന്റെയും നാശത്തിന് കാരണമായി എന്നല്ലാതെ ഒരു കുടുംബം പോലും അത് കാരണം രക്ഷപ്പെട്ടിട്ടില്ല.അത് കൊണ്ട് ലഹരി വെടിഞ്ഞേ മതിയാവൂ…നിങ്ങളുടെ ഏതെങ്കിലും ഒരു കൂട്ടുകാരൻ ലഹരിയിലേക്ക് നമ്മെ ക്ഷണിച്ചാൽ ‘നോ ടു ഡ്രഗ്സ്’ എന്ന് പറയാൻ നമുക്ക് സാധിക്കണം.അതാണ് യഥാർത്ഥ ഹീറോയിസമെന്നും കൂടാതെ ജീവിതമെന്ന നല്ല ലഹരിയെ ആസ്വദിക്കണമെന്നും വിദ്യാർത്ഥികൾ മനസ്സിലാക്കി.
സ്കൂൾ അദ്ധ്യാപകരായ ബൈജു ജോസഫ്,സജി മാത്യു,ലീന സക്കറിയാസ്,ഗീതു മെൻഡൽസ്,ഷീൻ.പി.ജേക്കബ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ റാലിക്ക് നേതൃത്വം നൽകി.







