Kodanchery

നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമായി. സെന്റ് ജോൺസ് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥയിലെ മാറ്റങ്ങൾ ശാസ്ത്രീയമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രാദേശികതലത്തിൽ ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ലിനറ്റ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബിജു ഓത്തിക്കൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയിലെ റിസർച്ച് അസിസ്റ്റന്റ് ഹൃദ്യ രേവതി, ഹ്യൂം സെന്ററിലെ ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാം ലീഡ് ജയശ്രീകുമാർ എന്നിവർ കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രാധാന്യം, മഴയുടെ അളവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന രീതികൾ, കാലാവസ്ഥാ വിവരശേഖരണത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

പരിപാടിയുടെ ഭാഗമായി പ്രാദേശിക മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനികളുടെ വിതരണവും നടന്നു. വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനായി മഴമാപിനികൾ വിതരണം ചെയ്തു. ഓരോ ദിവസവും ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അളന്ന് രേഖപ്പെടുത്തുകയും ശേഖരിക്കുന്ന വിവരങ്ങൾ ഹ്യൂം സെന്ററിന് കൈമാറുകയും ചെയ്യും.
ഇതിലൂടെ കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിലുള്ള വ്യത്യാസങ്ങൾ ഉൾപ്പെടെ പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് നേരിട്ട് കാലാവസ്ഥാ നിരീക്ഷണത്തിൽ പങ്കാളികളാകാനും ശാസ്ത്രീയമായ വിവരശേഖരണത്തിന്റെ രീതികൾ മനസ്സിലാക്കാനും ഇതുവഴി അവസരമൊരുങ്ങും.

സ്കൂളിൽ ലഭിക്കുന്ന മഴയുടെ അളവ് പ്രത്യേകം രേഖപ്പെടുത്തുന്നതിനായി സെന്റ് ജോൺസ് ഹൈസ്കൂൾ അങ്കണത്തിലും മഴമാപിനി സ്ഥാപിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദിവസേന മഴയുടെ അളവ് രേഖപ്പെടുത്തി സൂക്ഷിക്കുകയും പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും.പ്രകൃതിയെയും കാലാവസ്ഥയെയും അടുത്തറിയുന്നതിനും ശാസ്ത്രീയ നിരീക്ഷണശീലം വളർത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ പദ്ധതി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനം നൽകുന്നതാണ്.റോബിൻസൺ തോമസ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button