കാട്ടുപന്നിയെ കൊല്ലാൻ തെലുങ്കാനയിൽ നിന്ന് ആളെ ഇറക്കി കോടഞ്ചേരി പഞ്ചായത്ത്; ഒറ്റ ദിവസം കൊന്നത് നാല് കാട്ടുപന്നികളെ

കോടഞ്ചേരി: കാട്ടുപന്നി ശല്യം രൂക്ഷമായ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽ നിന്ന് ഷൂട്ടർമാരുടെ സംഗമെത്തി.
നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവർ നേതൃത്വം കൊടുക്കുന്ന ആറുപേർ അടങ്ങിയ സംഘമാണ് ശനിയാഴ്ച കോടഞ്ചേരിയിൽ എത്തിയത്. കോടഞ്ചേരിയിൽ എത്തിയ സംഘത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് നൽകിയത്.
ശനിയാഴ്ച തന്നെ വിവിധ സ്ഥലങ്ങളിൽ ദൗത്യം ആരംഭിച്ച സംഘം കൊന്നത് നാല് കാട്ടുപന്നികളെയാണ്. തുഷാരഗിരി മേഖലയിലെ മഞ്ഞുമല, നെല്ലിപ്പൊയിൽ, കണ്ണോത്ത് പാറമല തുടങ്ങിയ മേഖലകളിലാണ് ഷൂട്ടർമാരെത്തി കാട്ടുപന്നികളെ കൊന്നത്.
പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിൽ ഷൂട്ടർമാർക്കൊപ്പം ജനകീയ പങ്കാളിത്തത്തോടെയും കാട്ടുപന്നിശല്യത്തിന് അറുതിവരുത്താനാണ് പഞ്ചായത്തിന്റെ ശ്രമം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പറഞ്ഞു.
തെലങ്കാനയിലെ എൻ.ജി.ഒ.യുമായി സഹകരിച്ചുകൊണ്ടും, ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുമാണ് ഷൂട്ടർമാർ കോടഞ്ചേരിയിൽ എത്തിയതെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.







