Kodanchery

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ എട്ടുനോമ്പാചരണത്തിന് ഇന്ന് സമാപനം

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിപുലമായി നടന്നുവരുന്ന 11-ാമത് എട്ടുനോമ്പാചരണത്തിന് ഇന്ന് സമാപനം. ഒന്നാം തിയ്യതി മുതൽ തുടർച്ചയായി ദേവാലയത്തിൽ നടക്കുന്ന എട്ടുനോമ്പാചരണത്തിന്റെ സമാപന ചടങ്ങുകൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും.

താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയം പ്രഖ്യാപിക്കപ്പെട്ടിട്ട് ഇന്ന് ഒൻപത് വർഷം പൂർത്തിയാകുന്നതും പ്രത്യേകതയാണ്.

ഇന്നത്തെ പ്രധാന ചടങ്ങുകൾ

സെപ്റ്റംബർ 8, ചൊവ്വ

🔹 നിയോഗം: ആത്മവിശുദ്ധീകരണം

🔹 രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന നടക്കും.
മോൺ. അബ്രഹാം വയലയിൽ
(വികാരി ജനറാൾ, താമരശ്ശേരി രൂപത)
മുഖ്യകാർമികത്വം വഹിക്കും.
ഫാ. മാത്യു നായ്ക്കംപറമ്പിൽ VC സഹകാർമികനാകും.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പ്രദക്ഷിണവും സ്നേഹവിരുന്നും എട്ടുനോമ്പാചരണത്തിന്റെ സമാപനത്തിന് മാറ്റുകൂട്ടും.

എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിയത്. കോടഞ്ചേരി ഫൊറോനയുടെ കീഴിലുള്ള എല്ലാ ഇടവകകളെയും ഉൾപ്പെടുത്തി വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഇതോടെ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾക്കൊപ്പം പുറംപ്രദേശങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകരും കോടഞ്ചേരിയിലെത്തി.

എട്ടുനോമ്പിനോടനുബന്ധിച്ച് കോടഞ്ചേരി പാരിഷ് ഹാളിൽ നടന്നുവന്ന തൃശ്ശൂരിൽ നിന്നുള്ള മരിയൻ എക്സിബിഷൻ ടീമിന്റെ ഡിവൈൻ എക്സ്പോയും ഇന്ന് സമാപിക്കും.

2016ൽ തുടക്കം; 2017ൽ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടു

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ 2016 മുതലാണ് എട്ടുനോമ്പാചരണം വിപുലമായ രീതിയിൽ ആരംഭിച്ചത്. അന്ന് ഇടവക വികാരിയായിരുന്ന ഫാ. തോമസ് പൊരിയത്ത് ആണ് എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ചത്.തുടർന്ന് 2017 സെപ്റ്റംബർ 8-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയം താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടു. അതിനുശേഷമുള്ള വർഷങ്ങളിലും എട്ടുനോമ്പാചരണം വിപുലമായ രീതിയിൽ നടത്തിവരുന്നു.

വിവിധ ആത്മീയ ശുശ്രൂഷകളും തിരുക്കർമ്മങ്ങളും പ്രദക്ഷിണവും സ്നേഹവിരുന്നും ഉൾപ്പെടെ ഇന്ന് ഉച്ചയോടെ എട്ടുനോമ്പാചരണത്തിന് ഔദ്യോഗിക സമാപനമാകും.

Related Articles

Leave a Reply

Back to top button