Thiruvambady

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിലെ നിർമ്മാണ പ്രവർത്തികൾ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു വിലയിരുത്തി. നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ സംരക്ഷണ ഭിത്തികളിൽ പലയിടങ്ങളിലും അപാകതകൾ ശ്രദ്ധയിൽ പെട്ടതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

കരാർ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെ കെട്ടിയ റോഡിന്റെ സംരക്ഷണ ഭിത്തി പലയിടങ്ങളിലായി തകർച്ചാ ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്, കൂടാതെ കരാർ പ്രകാരം നിർമ്മിച്ചു നൽകിയ വീടുകളുടെ സംരക്ഷണ ഭിത്തികളും പലയിടത്തും ഇപ്പോൾ തന്നെ തകർന്നതായും കണ്ടെത്തി. ഇത്തരം അപാകതകളൊക്കെ വിരൽ ചൂണ്ടുന്നത് കരാറുകരായ നാഥ് കൺസ്ട്രക്ഷൻസിന്റെ അശാസ്ത്രീയമായ നിർമ്മാണ പ്രക്രിയകളിലേക്കും യൂത്ത് കോൺഗ്രസ് മുൻപേ നടത്തിയ അഴിമതി ആരോപണങ്ങളിലേക്കുമാണ്.

പ്രസ്തുത റോഡ് നിർമാണത്തിൽ ഇപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുള്ള അപാകതകൾ യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മറ്റി നടത്തിയ അഴിമതി ആരോപണങ്ങൾക്കുള്ള തെളിവുകൾ ആണെന്നും ഇവ ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിച്ചാൽ ബോധ്യമാകുന്നതാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

മഴക്കാലത്തിന് മുന്നേ ഗതാഗത യോഗ്യമാക്കിയ റോഡ് മഴ പെയ്തു രൂപപ്പെട്ട കുഴികൾ മൂലം ഗതാഗത യോഗ്യമല്ലാതായതും, മഴ മാറിയതോടെ അനുഭവപ്പെടുന്ന രൂക്ഷമായ പൊടി ശല്യവും, ഇഴഞ്ഞു നീങ്ങുന്ന റോഡ് നിർമ്മാണവും പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് കരാറുകാരും ബന്ധപ്പെട്ട അധികാരികളും.

Related Articles

Leave a Reply

Back to top button