തിരുവമ്പാടിയിൽ തെരുവുനായകൾ കൂട്ടമായെത്തി വളർത്തുകോഴികളെ കൊന്നൊടുക്കി

തിരുവമ്പാടി: തെരുവുനായകൾ കൂട്ടമായെത്തി പതിനഞ്ചോളം കോഴികളെ കൊന്നൊടുക്കി. തൊണ്ടിമ്മൽ ഇരുന്നംകുഴി സ്രാമ്പിക്കൽ ദാമോദരന്റെ വീട്ടിലെ കോഴികളെയാണ് നായകൾ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വീടിനടുത്തായി കൂടിനോടു ചേർന്ന വലയിലായിരുന്നു കോഴികളെ വളർത്തിയിരുന്നത്. നായകൾ വല കടിച്ചുകീറി കോഴികളെ ആക്രമിക്കുകയായിരുന്നു. ആറോളം നായകളാണുണ്ടായിരുന്നത്.
ഈ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ഈയിടെ തൊണ്ടിമ്മൽ നാലുസെന്റ് കോളനിയിലെ മുഹമ്മദിന്റെ കോഴികൾ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ നായകൾ ആക്രമിക്കുകയുണ്ടായി. കുട്ടികളെ വീടിനുവെളിയിൽ കളിക്കാൻപോലും വിടാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
രക്ഷിതാക്കളുടെ സംരക്ഷണയിലാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. തെരുവുനായകളുടെ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് തൊണ്ടിമ്മൽ ഓൾ ഫ്രണ്ട്സ് ആവശ്യപ്പെട്ടു. യോഗത്തിൽ സി.ടി രജീഷ്, സി.എ അനീഷ്, കെ.ജി ധ്യാൻ, സി.ടി ഗണേശൻ, സി.ടി അജീഷ്, കെ.പി രമേഷ് തുടങ്ങിയവർ സംസാരിച്ചു.







