കോടഞ്ചേരി സമ്പൂർണ ശുചിത്വപഞ്ചായത്ത് പ്രഖ്യാപനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജൈവ, അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിന് വിവിധങ്ങളായ പദ്ധതികൾ, ബോധവത്കരണ പരിപാടികൾ, വ്യാപാരികളുടെയും സാനിറ്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ശുചീകരണപ്രവർത്തനങ്ങൾ, സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ, റാലികൾ, ക്വിസ് മത്സരങ്ങൾ, മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ എൻ.എസ്.എസ്. യൂണിറ്റുകളുമായി സഹകരിച്ചുകൊണ്ട് സ്നേഹാരാമം പദ്ധതി നടപ്പാക്കൽ, ഹരിതകർമസേനാംഗങ്ങളെ ഉപയോഗപ്പെടുത്തി മുഴുവൻ വീടുകളിൽനിന്നും അജൈവമാലിന്യങ്ങൾ മാസംതോറും ശേഖരിച്ച് കയറ്റി അയക്കൽ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് പഞ്ചായത്തിനെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചത്.






