Kozhikode

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാനെത്തി; സിൽസിലിക്ക് സ്‌കൂട്ടർ സമ്മാനിച്ച് അജ്ഞാതൻ

കോഴിക്കോട്: കരിപ്പൂർ വിമാനാപകട സമയത്ത് സഹായവുമായി ഓടിയെത്തിയ രക്ഷകയ്ക്ക് സ്‌കൂട്ടർ നഷ്ടപ്പെട്ട വാർത്ത ഏവർക്കും വേദന സമ്മാനിച്ചിരുന്നു. മോഷണം പോയ ആ സ്‌കൂട്ടറിന് പകരം രക്ഷാപ്രവർത്തകയ്ക്ക് പുതുപുത്തൻ സ്‌കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് അജ്ഞാത സുഹൃത്ത്. വെള്ളിപറമ്പിലെ അഷ്‌റഫിന്റെ ഭാര്യ സിൽസിലിക്കാണ് 85,000 രൂപ വിലവരുന്ന സ്‌കൂട്ടർ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി സമ്മാനമായി നൽകിയത്.

ആഗസ്റ്റ് ഏഴിന് രാത്രി വിമാന ദുരന്ത വിവരമറിഞ്ഞ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റവർക്ക് സഹായം നൽകാൻ അഷ്‌റഫും സിൽസിലിയും ഓടിയെത്തിയിരുന്നു. അത്യാഹിതവിഭാഗത്തിലെ സേവനം കഴിഞ്ഞ് പുലർച്ചെ രണ്ടരക്ക് പുറത്തിറങ്ങിയപ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് മോഷണം പോയി. ഈ സംഭവം വചനം ബുക്‌സ് മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടപ്പെട്ട വാഹനം തിരിച്ചുകിട്ടിയില്ലെങ്കിൽ പകരം വാഹനം സമ്മാനമായി നൽകാമെന്ന് വാഗ്ദാനവുമായി ചിലരെത്തി. പക്ഷെ, ദമ്പതികൾ ആ വാഗ്ദാനങ്ങൾ സ്‌നേഹത്തോടെ നിരസിച്ചു.

ഒരു സമ്മാനം സ്വീകരിക്കേണ്ടെന്നായിരുന്നു തീരുമാനമെന്ന് സിൽസിലിയുടെ ഭർത്താവ് അഷ്‌റഫ് പറയുന്നു. ഒടുവിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാൾ സമ്മാനം സ്വീകരിക്കണമെന്ന് സമ്മർദം ചെലുത്തി ലക്ഷം രൂപ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ടീം വെൽഫെയർ, കനിവ് തുടങ്ങിയ സന്നദ്ധസംഘടനാപ്രവർത്തകരാണ് അഷ്‌റഫും സിൽസിലിയും. സ്‌കൂട്ടറിന്റെ താക്കോൽദാനം പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈവി ശാന്ത നിർവഹിച്ചു. വാർഡ് അംഗം മഹിജകുമാരി, വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ്പ്രസിഡൻറ് സുബൈദ കക്കോടി, ടിപി ഷാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button