Kerala

കോവിഡ് വ്യാപനം തിരിച്ചറിയാൻ പരിശോധനാരീതി മാറുന്നു: ആന്റിജൻ, ക്ലിയ

തിരുവനന്തപുരം ∙ കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികൾ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകൾ കുറച്ച് ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും. ആന്റിജൻ പരിശോധനകൾ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആർടി പിസിആർ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്സ്പർട്ട് പരിശോധനകളും തുടരും.

സമ്പർക്കവ്യാപനം അറിയാനുള്ള സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് ആർടി പിസിആറിനു പകരം ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും. വിമാനത്താവളങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ആന്റിബോഡി ടെസ്റ്റിനുശേഷം നടത്തുന്ന ആർടി പിസിആറിനു പകരവും ക്ലസ്റ്റർ പരിശോധനകളിൽ ക്ലിയയ്ക്കു പകരവും ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും.

സമൂഹവ്യാപനമുണ്ടോ എന്നറിയാനുള്ള സിറോ സർവൈലൻസിനു റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പകരം ക്ലിയ ഉപയോഗിക്കും. രോഗസ്രോതസ്സ് കണ്ടെത്താനുള്ള എപ്പിഡെമിയോളജിക്കൽ പഠനത്തിന് ആർടി പിസിആറിനു പകരവും ക്ലിയ പരിശോധനയാകും നടത്തുക.

ആന്റിജൻ ടെസ്റ്റ്: സ്രവ പരിശോധനയിലൂടെ 30 മിനിറ്റിൽ ഫലം. ചെലവ് 450 രൂപ. എന്നാൽ കൃത്യത കുറവ്.

ക്ലിയ ടെസ്റ്റ്: എലിസ ടെസ്റ്റിന്റെ വകഭേദം. രക്തപരിശോധനയിലൂടെ ആന്റിബോഡി സാന്നിധ്യം അറിയാം. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിൽ സ്ട്രിപ് പരിശോധനയാണെങ്കിൽ ക്ലിയ സാംപിൾ ലാബിലാണു പരിശോധിക്കുന്നത്. ചെലവ് ഏകദേശം 500 രൂപ.

വിമാനത്താവളത്തിൽ ഇനിയിങ്ങനെ

കൊച്ചി ∙ വിമാനത്താവളങ്ങളിലെ ആന്റിബോഡി പരിശോധന പോസിറ്റീവ് ആയാൽ കോവിഡ് സ്ഥിരീകരിക്കാനായി ആർടി പിസിആർ പരിശോധനയ്ക്കു പകരം നടത്തുക ആന്റിജൻ പരിശോധന. ആർടി പിസിആർ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണിത്.

∙ രോഗലക്ഷണമുണ്ടെങ്കിൽ: നേരിട്ടു കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. പിന്നീട് ആർടി പിസിആർ പരിശോധന. പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിൽ തുടരും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക്.

∙ രോഗലക്ഷണം ഇല്ലെങ്കിൽ: ആദ്യം ആന്റിബോഡി പരിശോധന. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ. പോസിറ്റീവ് ആണെങ്കിൽ ആന്റിജൻ പരിശോധന. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ. പോസിറ്റീവ് എങ്കിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലോ ആശുപത്രിയിലോ പ്രവേശിപ്പിക്കും. പിന്നീട് രോഗിയുടെ ജില്ലയിലെ ആശുപത്രിയിലേക്കു മാറ്റും.

ആന്റിജൻ പരിശോധന: കൃത്യത 10 % മാത്രം

തിരുവനന്തപുരം ∙ ആന്റിജൻ പരിശോധന ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ് മറ്റു സംസ്ഥാനങ്ങൾ ഉപേക്ഷിച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ. ഏറ്റവുമൊടുവിൽ 27നു തമിഴ്നാടും ഉപേക്ഷിച്ചു. പിസിആർ കിറ്റിനു ശരാശരി 2500 രൂപയാണെങ്കിൽ ആന്റിജൻ കിറ്റിന് 450 രൂപയേയുള്ളൂ എന്നതാണ് അനുകൂല ഘടകം. എന്നാൽ കൃത്യത 10 % മാത്രമാണ്. അതിനാൽ ഇവ ലാഭകരമെന്ന വാദം ആരോഗ്യ വിദഗ്ധർ തള്ളുന്നു.

Related Articles

Leave a Reply

Back to top button