Kozhikode

കോഴിക്കോട് കുട്ടി മോഷ്ടാക്കള്‍ പെരുകുന്നു;കണ്ടെടുത്തത് വൻ തുകയുടെ സാധനങ്ങൾ

കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ നിന്നു പിടിയിലായ കുട്ടിമോഷ്ടാക്കള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്ത പോലീസിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൈക്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെയായി ഈ സംഘം മോഷ്ടിച്ചതു വന്‍തുകയുടെ സാധനങ്ങളാണ്. ഇതില്‍ മിക്കതും പ്രതികളില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേര്‍ന്നാണ് കഴിഞ്ഞദിവസം സംഘത്തെ വലയിലാക്കിയത്. മുഖദാര്‍ സ്വദേശികളായ മുഹമ്മദ് അറഫാന്‍,മുഹമ്മദ് അജ്മല്‍ എന്നിവരും കൂടാതെ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയുമാണ് പോലീസ് പിടികൂടിയിരുന്നത്.

പ്രതികളെ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എജെ ബാബുവിന്‍റെ നേതൃത്വത്തില്‍ പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എ അനില്‍കുമാറും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പന്നിയങ്കര ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തി പണവും മറ്റു ഇലക്ട്രോണിക്‌സ് സാധനങ്ങളും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ബൈക്കുകളും ഇവര്‍ മോഷണം നടത്തിയതായും പോലീസിനോട് പറഞ്ഞിരുന്നു. രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങിയ ശേഷം നൈറ്റ് റൈഡ് ഫണ്ടിങ്ങ് എന്ന പേരില്‍ ചുറ്റി കറങ്ങി മോഷണം നടത്തുകയായിരുന്നു കുട്ടികളെന്ന് പോലീസ് പറയുന്നു. പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ രഹസ്യ സ്ഥലങ്ങളില്‍ വെച്ച് വീട്ടിലെത്തി കിടക്കുന്നു. കുട്ടികള്‍ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും രക്ഷിതാക്കള്‍ അറിയുന്നില്ല

പകല്‍ യാത്രകളില്‍ ആര്‍ എക്‌സ് ബൈക്കുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടമസ്ഥര്‍ അറിയാതെ കിലോമീറ്ററോളം പിന്‍തുടര്‍ന്ന് വാഹനം വെക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തിരിച്ചു വന്നതിനു ശേഷം അര്‍ദ്ധരാത്രിയില്‍ ഒരു ബൈക്കില്‍ ട്രിപ്പിള്‍ അടിച്ചു പോയി വാഹനം മോഷണം നടത്തി തള്ളികൊണ്ട് വന്ന് കാല്‍ വെച്ച് കൊണ്ടുപോകും. രാത്രിയാത്രക്കിടയില്‍ പോലീസിനെ കണ്ടാല്‍ അമിത വേഗതയിലോ അ ല്ലെങ്കില്‍ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ചെയ്യും. മോഷണം നടത്തിയ ബൈക്കുകള്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു എന്ന് മനസ്സിലായാല്‍ പിന്നീട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വില്പന നടത്തുകയോ ആണിവര്‍ ചെയ്യുന്നത്. ഇവരുടെ ടീം ലീഡര്‍ അറഫാനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വാഹനങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും മോഷണ മുതല്‍ മനപ്പൂര്‍വ്വമാണോ വാങ്ങിയതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കോട്ടു വയലിലേയും ജനത റോഡിലുമുള്ള വീടുകളില്‍ നിന്നും മോഷണം നടത്തിയ ആര്‍ എക്‌സ് 100 ബൈക്കുകളും, മൂഴിക്കലില്‍ നിന്നും മോഷണം നടത്തിയ എ്വ ബൈക്കും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുവ്വാട്ടുപറമ്പില്‍ നിന്നും മോഷ്ടിച്ച പള്‍സര്‍ 220 ബൈക്കും, കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടാം പോയിലില്‍ നിന്നും മോഷ്ടിച്ച ആര്‍എക്‌സ് ബൈക്കും കാളൂര്‍ റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷത്തിലധികം രൂപയും,ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിവിഎസ് ഹോസ്പ്പിറ്റലിനടുത്തെ ഷോപ്പില്‍ നിന്നും സ്മാര്‍ട്ട് വാച്ചുകളും, മൊബൈല്‍ ഫോണുകളും, പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മാത്തോട്ടം ഓവര്‍ ബ്രിഡ്ജിനു സമീപത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആര്‍എക്‌സ് ബൈക്കും, ക്വറിയര്‍ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്

പ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും ബൈക്കുകള്‍ കണ്ടെടുക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തുന്ന കുട്ടികളെ കുറിച്ചും പിടികൂടാതിരിക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിക്കുന്ന സംഘത്തെ കുറിച്ചും വ്യക്തമായ സൂചന കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്. സിറ്റി ക്രൈസ് സ്‌കോഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്, സുമേഷ് എ വി, പന്നിയങ്കര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍,സീനിയര്‍ സിപിഒ കെ എം രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button