Kerala

കൊവിഡ് വ്യാപനം; മലപ്പുറത്തെ മുഴുവൻ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം

കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ രണ്ട് സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

വിദ്യാർത്ഥികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാറഞ്ചേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയത്. 684 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 184 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. 148 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കുമാണ് വൈറസ് ബാധ. അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വന്നേരി സ്‌കൂളിലും സമാന രീതിയിൽ കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തി. 53 വിദ്യാർത്ഥികളിൽ 43 പേർക്കും 33 അധ്യാപകർക്കും കൊവിഡ് പരിശോധന പോസിറ്റീവായി. വിദ്യാർത്ഥികളെല്ലാം പത്താം ക്ലാസുകാരാണ്. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ആർക്കുമില്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. രോഗം ബാധിച്ചമുഴുവൻ പേരോടും കർശനമായ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ ഉടൻ പരിശോധന നടത്തും. രണ്ട് സ്‌കൂളുകളിൽ കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി.

Related Articles

Leave a Reply

Back to top button