Kozhikode

മെഡൽജേതാക്കളെ കായികവകുപ്പിൽ നിയമിക്കും -മന്ത്രി ഇ.പി. ജയരാജൻ

കോഴിക്കോട് : ദേശീയ, അന്തർദേശീയ മെഡൽജേതാക്കൾക്ക് കായികവകുപ്പിനുകീഴിൽത്തന്നെ ജോലി നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ചെലവൂരിലെ സ്പോർട്‌സ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മെഡൽ ജേതാക്കളായ കായികതാരങ്ങളെ നിയമിക്കാനായി സൂപ്പർന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിൽ മറ്റു വകുപ്പുകൾ പ്രയാസം അറിയിച്ചതിനാൽ 83 പേർക്ക് കായികവകുപ്പിൽതന്നെ നിയമനം നൽകുമെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി മുഖേന കായികവകുപ്പിന് ലഭിച്ച 1000 കോടി രൂപയിൽ കൂടുതൽ ഭാഗവും അടിസ്ഥാന സൗകര്യവികസനത്തിനാണ് വിനിയോഗിച്ചത്. 14 ജില്ലകളിലും സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയങ്ങൾ നവീകരിച്ചു. 43 മൾട്ടിപർപസ് ഇൻഡോർ സ്റ്റേഡിയങ്ങൾ, 33 സ്വിമ്മിങ് പൂൾ, തിരഞ്ഞെടുത്ത 25 വിദ്യാലയങ്ങളിൽ പ്ലേ ഫോർ ഹെൽത്ത് പദ്ധതി തുടങ്ങിയവ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

എ. പ്രദീപ് കുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷംരൂപ ഉപയോഗിച്ച് പൂനൂർപുഴയുടെ തീരത്താണ് പാർക്ക് നിർമിച്ചത്. ഫുട്‌ബോൾകോർട്ട്, വോളിബോൾ കോർട്ട്, ഗാലറി, ഇരിപ്പിടങ്ങൾ, ഫ്‌ളഡ് ലൈറ്റ്, ഓപ്പൺ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്പോർട്‌സ് പാർക്ക് ഒരുങ്ങിയത്.

എ. പ്രദീപ് കുമാർ എം.എൽ.എ. അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സി. രേഖ, കൗൺസിലർ സി.എം. ജംഷീർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ കെ. ലേഖ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, എം.പി. ഹമീദ്, വിനോദ് സിറിയക്, രമേശ് കെ.പി., കെ.ജെ. മത്തായി, എ. മൂസ്സ ഹാജി, ചെലവൂർ വേണു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button