Thamarassery

110 ഡ്രൈവർമാരെയും 62 കണ്ടക്ടർമാരെയും സ്ഥലം മാറ്റി; താമരശ്ശേരി ഡിപ്പോ പ്രവർത്തനം അവതാളത്തിൽ

താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്ഥലംമാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. ഇത്രയും പേർക്ക് പകരം ഒന്പത്‌ ഡ്രൈവർമാരും 32 കണ്ടക്ടർമാരും മാത്രമാണ് വരുന്നത്. ജീവനക്കാരുടെ അഭാവംകാരണം നിലവിലുള്ള 52 സർവീസുകളിൽ 20 സർവീസ് മാത്രമാണ് നടത്താനായത്. സ്ഥലംമാറ്റിയ ജീവനക്കാർക്ക് പുതിയ സ്ഥലത്ത് ചുമതലയേൽക്കാൻ ഏഴ്‌ ദിവസം വരെ സമയം ഉണ്ട്.

ഇതോടെ ഏഴ്‌ ദിവസം വരെ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്രയും ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. കോഴിക്കോട് ജില്ലയിൽനിന്ന് തിരുവനന്തപുരം പോലുള്ള വിദൂര ഡിപ്പോകളിലേക്ക് കൂട്ടത്തോടെ മാറ്റിയതിനെതിരേ ജീവനക്കാരിലും അമർഷം പുകയുന്നുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നിങ്ങനെ സോൺ പരിധിയിൽപ്പെട്ട ജില്ലകളിലേക്കു സ്ഥലംമാറ്റം നൽകുമെന്നു നേരത്തേ യൂണിയനുകളുമായി ഉണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ് ഈ നടപടിയെന്ന് ഐ.എൻ.ടി.യു.സി. ഭാരവാഹികൾ പറയുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ അപാകം പരിഹരിക്കുക, പുതിയ ശമ്പള കമ്മിഷൻ നടപ്പാക്കുക, സ്വിഫ്റ്റ് കമ്പനി പദ്ധതി ഉപേക്ഷിക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു 23-ന് നടത്തുന്ന പണിമുടക്കിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ ജീവനക്കാരുടെ തീരുമാനം.

ചുരത്തിലെ ഗതാഗത നിയന്ത്രണം ഉൾപ്പെടെ യാത്ര സാധാരണ നിലയിലല്ലാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ കൂടി മുടങ്ങിയതോടെ യാത്രക്കാരും ദുരിതത്തിലായി.

ഡിപ്പോയ്ക്ക് മുന്നിൽ യാത്രക്കാരുടെ നീണ്ട വരിയാണ് ശനിയാഴ്ച കണ്ടത്. പലർക്കും മണിക്കൂറുകളോളം കാത്തുനിന്നാണ് ബസ് കിട്ടിയത്.

കൂട്ട സ്ഥലംമാറ്റത്തെത്തുടർന്ന് 30 സർവീസുകൾ മുടങ്ങി. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരാനാണ് സാധ്യത. കോവിഡ് കാലത്ത് സ്വകാര്യ ബസുകൾ വേണ്ടത്ര സർവീസ് നടത്താതിരിക്കേ കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്.

Related Articles

Leave a Reply

Back to top button