Kozhikode

ആർഭാട വിവാഹത്തിനും സ്ത്രീധന നിരോധന നിയമനിർമാണത്തിനായി സർക്കാരിന് ഉടൻ ശുപാർശ സമർപ്പിക്കും; വനിത കമ്മിഷൻ

കോഴിക്കോട്: കേരളത്തിൽ ആർഭാട വിവാഹത്തിനും സ്ത്രീധന നിരോധന നിയമനിർമാണത്തിനായി സർക്കാരിന് ഉടൻ ശുപാർശ സമർപ്പിക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു . ഇതിന്റെ കരട് രൂപരേഖ തയാറാക്കുന്നുണ്ട്. വനിതാ കമ്മിഷൻ വിചാരിച്ചതു കൊണ്ടു മാത്രം കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും പൊതുസമൂഹത്തിന്റെ ചിന്തയിൽ മാറ്റമുണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞു.

ജോലിസ്ഥലത്തെ ചൂഷണം പെരുകുകയാണെന്നും സ്ത്രീകൾക്കു പരാതി നൽകാനുള്ള ആഭ്യന്തര പരാതി കമ്മിറ്റികൾ പലയിടത്തുമില്ലെന്നും കുറഞ്ഞ കൂലി നൽകിയാൽ മതി എന്ന ദുരുദ്ദേശ്യത്തോടെയാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതെന്നും എന്തെങ്കിലും ജോലിക്കു പോകുക എന്ന സമീപനം മാറ്റി മാന്യമായ വേതനം ലഭിക്കുന്ന ജോലിക്കേ പോകൂ എന്ന് ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളെങ്കിലും തീരുമാനമെടുക്കണമെന്നും ജോസഫൈൻ പറഞ്ഞു.

വനിതാ കമ്മിഷൻ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു . സംസ്ഥാന വനിതാ കമ്മിഷന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. വടക്കൻ മേഖലകളിലെ സ്ത്രീകൾക്കു പരാതി നൽകാനായി കോഴിക്കോട് വനിതാ കമ്മിഷനു പുതിയ റീജനൽ ഓഫിസ് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫിസിലാണു പുതിയ കേന്ദ്രം. അദാലത്തിൽ 56 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. 7 എണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ട് നൽകാനായി അയച്ചു. മറ്റു പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button