Kozhikode

മെഗാ വാക്സിനേഷൻ ക്യാംപ്: ജില്ലയിൽ ആദ്യദിനം 445പേർക്ക് വാക്സീൻ സ്വീകരിച്ചു

കോഴിക്കോട്∙ തിരഞ്ഞെടുപ്പു ജോലിക്ക് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയ ആരോഗ്യ മിഷനും ജില്ലാ മെഡിക്കൽ ഓഫിസും ഇന്നലെയും ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന മെഗാ വാക്സിനേഷൻ ക്യാംപിന്റെ ആദ്യദിനം  445 പേർ കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചു. വാക്സിനേഷനായി ഇനിയും റജിസ്റ്റർ ചെയ്യാത്ത പൊലീസുകാർ, സൈനികർ, അർദ്ധസൈനികർ, മുനിസിപ്പൽ, പഞ്ചായത്ത്, റവന്യൂ ജീവനക്കാർ തുടങ്ങിയവർക്ക് ഓഫിസ് മേലധികാരിയുടെ സർട്ടിഫിക്കറ്റുമായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി റജിസ്റ്റർ ചെയ്ത് വാക്സീൻ എടുക്കാവുന്നതാണ്. 

റജിസ്റ്റർ ചെയ്തതിനു ശേഷം ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ട് നിർദ്ദേശപ്രകാരം വാക്സീൻ സ്വീകരിക്കണം. 60 വയസുകഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷനു ജില്ല പൂർണസജ്ജമാണെന്ന് കലക്ടർ സാംബശിവ റാവു. ടഗോർ സെന്റിനറി ഹാളിലെ മെഗാ വാക്സിനേഷൻ ക്യാംപ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങുന്ന മുറയ്ക്കു മാത്രമേ 60 വയസു കഴിഞ്ഞവർക്ക് വാക്സിനേഷൻ സജീവമാവൂ. താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും വാക്സിനേഷനു സജ്ജമായെന്നും കലക്ടർ പറഞ്ഞു. 

മാവൂർ ചെറൂപ്പ ആശുപത്രിയിൽ അറുപതു കഴിഞ്ഞ അഞ്ചോളം പേർ ഇന്നലെ വാക്സീൻ എടുത്തു. ആശുപത്രിയിലെത്തി റജിസ്റ്റർ ചെയ്ത ശേഷമാണ് ഇവർ വാക്സിനെടുത്തത്. അറുപതു വയസിനുമുകളിലുള്ളവർക്ക് ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങുന്ന മുറയ്ക്ക് വാക്സിൻ ലഭ്യമാവും. അതേസമയം വാക്സിൻ തേടി ആശുപത്രികളിലെത്തുന്നവർക്ക് സ്പോട് റജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുന്നുമുണ്ട്. 

ജില്ലയിൽ നിലവിൽ താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമടക്കം വിവിധയിടങ്ങളിലാണ് വാക്സിനേഷനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. വാക്സിനേഷൻ നൽകാനായി 24 സ്വകാര്യ ആശുപത്രികളുടെ പട്ടിക പരിഗണനയിലുണ്ട്. കേന്ദ്ര ആരോഗ്യപദ്ധതികൾ നടപ്പാക്കുന്ന എംപാനൽ ചെയ്ത സ്വകാര്യആശുപത്രികളും പരിഗണനയിലുണ്ട്. പത്തോളം സ്വകാര്യ ആശുപത്രികൾ അനുമതിക്കായി അപേക്ഷ നൽകി.

Related Articles

Leave a Reply

Back to top button