Kerala

ഘടകകക്ഷികൾക്ക് സീറ്റ്‌ നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം

ഘടകകക്ഷികൾക്ക് സീറ്റ്‌ നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. ആർഎസ്പിക്ക് കൈപ്പമംഗലം സീറ്റ് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി. ചേലക്കരയിൽ ലീഗിന് സീറ്റ് നൽകുന്നതിനെതിരെയും പ്രമേയം പാസാക്കിയിട്ടുണ്ട്. തിരുവല്ലയിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും പ്രാദേശിക നേതൃത്വം കത്തയച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ കൈപ്പമംഗലം സീറ്റ് ആർഎസ്പിക്ക് നൽകുന്നതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ ഒരു പ്രമേയം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്വാധീനമില്ലെന്നും രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നും പ്രമേയത്തിൽ പറയുന്നു. ആർഎസ്പിക്ക് സീറ്റ് നൽകിയാൽ അത് ബിജെപിക്ക് ഗുണമാകുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചേലക്കരയിൽ ലീഗിന് സീറ്റ്‌ വിട്ട് നൽകരുത്. പകരം യുഡിഎഫിനു വേണ്ടി പ്രാദേശിക കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നാവശ്യപെട്ടാണ് യൂത്ത് കോൺഗ്രസിൻ്റെ മറ്റൊരു‌ പ്രമേയം. ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥി ആക്കണമെന്നാണ് ആവശ്യം.

അതേസമയം, പത്തനംതിട്ടയിൽ തിരുവല്ല സീറ്റ് കോൺഗ്രസ് തിരിച്ച് എടുക്കണമെന്നും കേരള കോൺഗ്രസിന് സീറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്നും വ്യക്തമാക്കി പ്രാദേശിക നേതൃത്വം ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും കത്തയച്ചു. രണ്ടു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരും 15 മണ്ഡലം പ്രസിഡണ്ടുമാരും ചേർന്നാന്ന് കത്തയച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മത്സരിക്കുന്ന തിരുവല്ലയിൽ പരാജയമാണെന്നും പിളർപ്പിന് ശേഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നിയോജകമണ്ഡലത്തിൽ യാതൊരു ജനകീയ അടിത്തറയും ഇല്ലെന്നുമാണ് ആരോപണം.

Related Articles

Leave a Reply

Back to top button