Mukkam

കൈയേറ്റം പൊളിച്ചുനീക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

മുക്കം : ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം തോട് കൈയേറ്റം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നഗരസഭയിലെ മണാശ്ശേരിയിൽ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വട്ടോളി പറമ്പ് – പുൽപ്പറമ്പ് തോടിന്റെ മണാശ്ശേരി അങ്ങാടിയോടുചേർന്ന ഭാഗമാണ് റോഡ് നിർമിക്കാനായി കൈയേറിയത്. തോട് കൈയേറിയതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇതറിഞ്ഞ നഗരസഭാ കൗൺസിലർമാരായ രാജൻ എടോനി, എം.വി. രജനി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

സ്ഥലം കൈയേറിയതല്ലെന്നും ഇതുവഴി റോഡ് വന്നാൽ ഒട്ടേറെ പേർക്ക് ഉപകാരപ്രദമാവുമെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ മടങ്ങി. സംഭവത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് മുനിസിപ്പൽ എൻജിനിയർ പി.എം. കൃഷ്ണൻകുട്ടി അറിയിച്ചു. പ്രദേശത്ത് 50 മീറ്ററോളം തോട് കൈയേറി കോൺക്രീറ്റ് നടത്തിയതായി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്ത പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോടിന്റെ മുക്കാൽ ഭാഗവും മൂടുന്നരീതിയിൽ കോൺക്രീറ്റ് നടത്തിയെന്നാണ് കണ്ടെത്തിയിരുന്നത്. മണാശ്ശേരി അങ്ങാടിയോടുചേർന്ന സ്ഥലത്താണ് കൈയേറ്റം നടന്നത്. ഒട്ടേറെ ജലസേചനപദ്ധതികളും കുടിവെള്ളപദ്ധതികളും ഈ തോട്ടിലുണ്ട്. 52 ലക്ഷംരൂപയുടെ നായർകുഴി ആയിപ്പറ്റ ഇറിഗേഷൻ പദ്ധതിക്ക് ആറുമാസം മുൻപാണ് അംഗീകാരം ലഭിച്ചത്. പുൽപ്പറമ്പ് ചേന്ദമംഗലൂർ പ്രദേശങ്ങളിലെ നെൽക്കൃഷി നിലനിർത്തുന്നതും ഈ തോട് തന്നെയാണ്.

അനധികൃത നിർമാണം പൊളിച്ചുനീക്കുന്നതിന് നഗരസഭാ സെക്രട്ടറി സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. സ്ഥലം ഡാറ്റാബാങ്കിൽനിന്ന് നീക്കംചെയ്യുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുന്നതിനും കൃഷി ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button