Thiruvambady

വഴിക്കടവ് പാലം അപകടത്തിൽ

തിരുവമ്പാടി: മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന് ഇനിയും മോക്ഷമായില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ, ഈ പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് ഇനി എന്ന് പരിഹാരം എന്ന ചോദ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നു. അരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് പാലം. കൈവരികളില്ല. കാലപ്പഴക്കംചെന്ന് പാലത്തിന്റെ തൂണുകൾ ദ്രവിച്ചുതീർന്നുകൊണ്ടിരിക്കുന്നു. പാലത്തിന്റെ ബലക്ഷയം അപായ ഭീഷണി ഉയർത്തുന്നു.

മൂന്ന് വർഷം മുമ്പ് ഒരു കാർ പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് ആളപായമുണ്ടായില്ല. ഇരു വശങ്ങളിലും കാടുകൾ മൂടിക്കിടക്കുന്നതും അപകട ഭീഷണി ഇരട്ടിയാക്കുന്നു. ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റൂട്ടിൽ നിലവിൽ പത്തോളം ബസുകൾ പല ട്രിപ്പുകളിലായി സർവീസ് നടത്തുന്നുണ്ട്.

പുല്ലൂരാംപാറ റൂട്ടിൽ വല്ല ഗതാഗതസ്തംഭനവുമുണ്ടായാൽ മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, കരിമ്പ്, പുല്ലൂരാംപാറ, കൊടക്കാട്ട്പാറ, പൊന്നാങ്കയം നിവാസികൾ ആശ്രയിക്കുന്ന ഏക സഞ്ചാരമാർഗമാണ് ഈ പാലം.

നിർദിഷ്ട വയനാട് തുരങ്ക പാതയുമായി ബന്ധിപ്പിക്കുന്ന പാലം നിർദിഷ്ട മലയോര ഹൈവെയുമായും ബന്ധപ്പെടാൻ ഉപകരിക്കുന്നതാണ്. തിരുവമ്പാടിയിൽ നിന്ന് നാല് കിലോ മീറ്റർ അകലെ വഴിക്കടവ് പുഴയ്ക്ക്‌ കുറുകെയാണ് പാലം. ഒമ്പത് മീറ്റർ വീതിയുള്ള റോഡ് കടന്നുപോകുന്ന റൂട്ടിലാണ് വിസ്താരം കുറഞ്ഞ ഈ പാലം. കേവലം മൂന്ന് മീറ്റർ വീതിയാണ് പാലത്തിനുളളത്. വാഹനങ്ങൾ വശംകൊടുക്കുന്നതിന് ഏറെ സാഹസപ്പെടുന്നു. ഇരു വശങ്ങളിലും കൈവരികളില്ലാത്തതിനാൽ വശംകൊടുക്കൽ പെടാപാടാണ്. 1974-ലാണ് പാലം നിർമിച്ചത്. പി.ഡബ്ല്യു.ഡി. അധീനതയിലാണിപ്പോൾ.

സംസ്ഥാന സർക്കാർ 2021 വർഷ ബജറ്റിൽ ഈ പാലത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജോർജ് എം. തോമസ് എം.എൽ.എയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ്. പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശോധനയും രൂപകല്പനയും പൂർത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയാൽ പണിയാരംഭിക്കാനാകുമെന്നും ഓഫീസിൽനിന്നറിയിച്ചു. അതേസമയം പതിറ്റാറ്റുകളായി കുടിയേറ്റ ജനത മുറവിളി കൂട്ടുന്ന ആവശ്യത്തിനു നേരെ അലംഭാവം തുടരുകയും നടപടി അനന്തമായി വൈകിപ്പിച്ചതുമാണ് പ്രതിഷേധ കാരണമെന്ന് നാട്ടുകാർ പറയുന്നു. തിരുവമ്പാടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറുകയാണ് ഈ പാലവും. പുന്നക്കലിലെ പൊതു വാട്‌സാപ്പ് ഗ്രൂപ്പിൽ പാലം ഇപ്പോൾ സജീവ ചർച്ചയായി മാറിയിരിക്കയാണ്.

Related Articles

Leave a Reply

Back to top button