Mukkam

ഫാത്തിമാ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് തകർന്നു

കാരശ്ശേരി : ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് തകർന്ന് അപകട ഭീഷണിയിലായി. കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് ഭാഗത്താണ് പ്രധാന ഭീഷണി. ഇവിടെ 25 മീറ്ററിലേറെ നീളം റോഡിന്റെ വീതി പകുതിയോളംവരെ ഒരുവശം താണ് വിള്ളൽവീണ് സംരക്ഷണഭിത്തിയുൾപ്പെടെ ഇടിച്ചിൽ ഭീഷണിയിലായിട്ട് നാല് മാസത്തോളമായി.

ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ടാർവീപ്പകൾ സ്ഥാപിച്ച് ഈഭാഗം വേർതിരിച്ച് അപകടമുന്നറിയിപ്പ് സ്ഥാപിച്ചിരിക്കയാണ്. റോഡിന്റെ മറ്റു പല ഭാഗത്തും ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടുകിടക്കുകയാണ്. മുരിങ്ങംപുറായിമുതൽ മൈസൂർമല പാറത്തോട് വരെ റോഡിന്റെ പകുതിയോളംദൂരം ഹെയർപിൻ വളവുകളടക്കമുള്ള കുത്തനെയുള്ള കയറ്റമാണ്. അതിന്റെ ബാക്കി റോഡ് തോട്ടുമുക്കംവരെ അതേരീതിയിൽ കൊടുംവളവുകളോടുകൂടിയ കിഴുക്കാംതൂക്കായ ഇറക്കവുമാണ്.

റോഡ് തകർന്നതിനാൽ അപകടഭീഷണിയേറി. മുക്കത്തുനിന്ന് തോട്ടുമുക്കത്തേക്കുള്ള എളുപ്പമാർഗമായ റോഡ് 2002-ൽ ആണ് പൊതുമരാമത്ത് വകുപ്പ് നിർമിച്ചത്. എട്ടുകിലോമീറ്റർവരുന്ന റോഡ് കുടിയേറ്റ കർഷകരും ഒൻപതോളം ആദിവാസി കോളനികളുമടങ്ങുന്ന മൈസൂർമല പ്രദേശത്തുകാരുടെ ദശകങ്ങൾനീണ്ട മുറവിളികൾക്കൊടുവിലാണ് നിർമ്മിച്ചത്‌. ഇവരുടെ ഏക യാത്രാമാർഗവുമാണ്. മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിയിരുന്നു. കോവിഡിന്റെ വരവോടെ അത് രണ്ടായിക്കുറഞ്ഞു.

പ്രയോജനം ക്വാറിക്കാർക്ക്

മൈസൂർ മലയിലൂടെ പി.ഡബ്ല്യു.ഡി. റോഡ് വന്നത് കൂടുതൽ പ്രയോജനകരമായത് കരിങ്കൽ ക്വാറിക്കാർക്കാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ ക്വാറികളും ക്രഷറുകളും ഉള്ളത് മൈസൂർ മലയിലാണ്. കരിങ്കൽ ഉത്‌പന്നങ്ങൾ കടത്തുന്ന അനേകം ലോറികളും ടിപ്പറുകളും സദാസമയം ഓടുന്നത് ഈ റോഡിലൂടെയാണ്. റോഡ് തകർച്ചയ്ക്ക് വേഗംകൂട്ടാൻ ഇത് കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വലിയ ഭാരംവഹിക്കുന്ന വാഹനങ്ങൾ താങ്ങാൻമാത്രം ബലവും ഉറപ്പുമുള്ളതാക്കി നവീകരിച്ചാലെ റോഡ് നിലനിൽക്കൂ എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ലിന്റോ ജോസഫ് സന്ദർശിച്ചു

പാറത്തോട് ഭാഗത്ത് റോഡിന്‍റെ വശവും സംരക്ഷണഭിത്തിയും തകർന്ന് അപകടാവസ്ഥയിലായത് തിരുവമ്പാടി മണ്ഡലം നിയുക്ത എം.എൽ.എ. ലിന്റോ ജോസഫ് സന്ദർശിച്ചു.

അടിയന്തരമായി സംരക്ഷണഭിത്തി പുനർനിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്ക് അദ്ദേഹം നിർദേശം നൽകി. സി.പി. എം. തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം വി.കെ. വിനോദ്, കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷാജി, കെ.കെ. നൗഷാദ്, ഇ.പി. അജിത്ത്, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button