Thiruvambady

പൂട്ടിട്ട് മലയോരം

തിരുവമ്പാടി : കോവിഡ് മഹാമാരിയിൽനിന്ന് രക്ഷതേടി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിനോട് സഹകരിച്ച് മലയോരവും. ലോക്ഡൗണിലെ ആദ്യദിനം മലയോരമേഖലയിലെ അങ്ങാടികൾ എങ്ങും വിജനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾമാത്രം പ്രവർത്തിച്ചതിനാൽ അത്യാവശ്യക്കാർ മാത്രമേ വീടുവിട്ട് പുറത്തിറങ്ങിയുള്ളൂ. കർശനനിയന്ത്രണം കാരണം ഉപഭോക്താക്കളുടെ കുറവ് മുൻകൂട്ടിക്കണ്ട് അവശ്യക്കടകൾതന്നെ പലതും ശനിയാഴ്ച തുറന്നില്ല. ഹോട്ടലുകൾ അടക്കം അടഞ്ഞുകിടന്നു. ഇതുമൂലം, ലോഡ്ജുകളിലും മറ്റും താമസിക്കുന്നവർ ഏറെ വലഞ്ഞു. പൊതുഗതാഗതം നിരോധിച്ചതിനാൽ ബസ്‌സ്റ്റാൻഡുകൾ ഉൾപ്പെടെ വിജനമായിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരിൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകേണ്ടവർക്ക് പോലീസിന്റെ പാസ് നിർബന്ധമായതിനാൽ വീട്ടുവിട്ടിറങ്ങാൻ ആളുകൾ ഭയന്നു.

രണ്ടാംശനി ആയതിനാൽ സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ പതിവുപോലെ നടന്നു.

മുക്കം : ആദ്യദിനത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ മലയോര മേഖലയിൽ ലോക്ഡൗൺ പൂർണമായിരുന്നു. ശനിയാഴ്ച രാവിലെ അനാവശ്യ യാത്രകൾക്ക് മുതിർന്ന് ചിലർ നിരത്തിലിറങ്ങിയെങ്കിലും പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെ ഇവർ പിൻമാറി. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയത്. യാത്രക്കാർ നൽകിയ രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. മലയോര മേഖലയിലെ ഗ്രാമങ്ങളിലും അങ്ങാടികളും റോഡുകളും വിജനമായിരുന്നു. അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.

കോവിഡ് നിയന്ത്രണം കടുത്തതോടെ രണ്ടു പോലീസ് സ്റ്റേഷനുകൾക്കായി ഒരു സബ്ഡിവിഷൻ അസിസ്റ്റൻറ് കമ്മിഷണർ എന്ന കണക്കിൽ ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാകും ഇനിമുതൽ പരിശോധനകൾ ഏകീകരിക്കുന്നത്.

താമരശ്ശേരി : സർക്കാർ നിർദേശം പാലിച്ച് ജനങ്ങൾ വീട്ടിലിരുന്നപ്പോൾ ലോക്ഡൗണിന്റെ ആദ്യദിനം താമരശ്ശേരി മേഖലയിൽ പൂർണം. അവശ്യ സർവീസുകളും അനുമതിയുള്ള മറ്റു വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ചടങ്ങുകൾക്കും ആശുപത്രി ആവശ്യങ്ങൾക്കും യാത്ര ചെയ്തവരെ രേഖകൾ പരിശോധിച്ചശേഷം പോലീസ് കടത്തിവിട്ടു. അനാവശ്യമായി റോഡിൽ ഇറങ്ങിയവരിൽ നിന്ന് പിഴയും ഈടാക്കി. ആളുകൾ ലോക്ഡൗണുമായി സഹകരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിലും കർശനപരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button